

ഫാ. യൂജിൻ പെരേര.
File photo
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ ലത്തീൻ സഭയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്ന് സഭാ അതിരൂപതാ വികാരി ജനറൽ ഫാ. യൂജിൻ പെരേര. മുസ്ലിം ലീഗിന് ഫിഷറീസ് വകുപ്പ് നൽകാനുള്ള നീക്കത്തോടും സഭ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി.
ലത്തീൻ സഭയെയും തീരദേശവാസികളെയും വെറുമൊരു വോട്ട് ബാങ്കായി മാത്രമാണ് കോൺഗ്രസും യുഡിഎഫും കണക്കാക്കിയത്. തെരഞ്ഞെടുപ്പിൽ യുഡിഎഫ് പക്ഷത്തുനിന്ന് നാല് ലത്തീൻ സമുദായക്കാരാണ് ജയിച്ചുകയറിയത്. യുഡിഎഫിന് ലഭിച്ച ഈ വൻ ഭൂരിപക്ഷത്തിന് പിന്നിൽ ലത്തീൻ സഭയും മത്സ്യത്തൊഴിലാളി വിഭാഗവും നിർണായക പങ്കാണ് വഹിച്ചത്. എന്നിട്ടും നാല് പേരിൽ ഒരാളെപ്പോലും മന്ത്രിസഭയിലേക്ക് പരിഗണിച്ചില്ല-ഫാ. യൂജിൻ പെരേര പറഞ്ഞു.
മുതിർന്ന നേതാവായ എം. വിൻസെന്‍റിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ കാണുന്നത് ചില അന്തർനാടകങ്ങളാണ്. ചിലർ വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് മന്ത്രിസ്ഥാനങ്ങൾ നേടിയെടുക്കുകയാണ് ചെയ്യുന്നതെന്നും യൂജിൻ പെരേര ആരോപിച്ചു.