
വടകര: സാധാരണക്കാരുടെ ജീവന് ഒരു വിലയുമില്ലാത്ത നിയമം മാറണമെന്ന് ചോറോട് വാഹനാപകടത്തിൽ കോമയിലായ ഒൻപത് വയസുകാരി ദൃഷാനയുടെ അമ്മ. തന്‍റെ മകൾക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കുടുംബം രംഗത്ത് വന്നിരിക്കുന്നത്.
മകളെ അപകടത്തിലാക്കിയ പ്രതിയെ ഒരാഴ്ചയെങ്കിലും ജയിൽ ഇടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞു. എന്നാൽ കുടുംബത്തെ ഒന്നടങ്കം നിരാശയിലാക്കിയ നടപടിയാണ് കോടതിയിൽ നിന്നുണ്ടായത്. കുറ്റം ചെയ്ത പ്രതിക്ക് തക്കതായ ശിക്ഷ കൊടുക്കാത്തത്തിൽ സങ്കടമുണ്ടെന്നും ചെറിയൊരു ശിക്ഷയെങ്കിലും കിട്ടുമെന്ന് വിചാരിച്ചിരുന്നുവെന്നുമാണ് കുടുംബം പറയുന്നത്.
"ഏതൊരു വാഹനാപകടത്തിലും അവർക്ക് ചെറിയൊരു ശിക്ഷയെങ്കിലും കിട്ടണം. എന്നാലേ ഇനി ചെയ്യുന്നവർക്ക് ചെയ്യാൻ പാടില്ലെന്നും ശിക്ഷ കിട്ടുമെന്നും തോന്നൂ. ഗൾഫിലെ ശിക്ഷ പോലെയോ അല്ലെങ്കിൽ ചെറുതെങ്കിലുംകേരളത്തിൽ വരണം. അമ്മ പോയി, മോൾ ഇങ്ങനെ കിടക്കുന്നു.
ഒരു കൊല്ലമായി ഈ ആശുപത്രി ജീവിതം. വാടക കൊടുക്കണം, മോളുടെ ചികിത്സ നോക്കണം. ഉള്ളതെല്ലാം വിറ്റെങ്കിലും മോളെ ചികിത്സിക്കണം'' അമ്മ സ്മിതയുടെ വാക്കുകൾ.