

കെ.വി. സയ്യിദ് അലി മജീദ്
മലപ്പുറം: സ്ത്രീവിരുദ്ധ പ്രസംഗം നടത്തിയ മലപ്പുറം തെന്നല പഞ്ചായത്തിലെ ഒന്നാം വാർഡിൽ വിജയിച്ച എൽഡിഎഫ് സ്വതന്ത്രൻ സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ.വി. സയ്യിദ് അലി മജീദ് ഖേദപ്രകടനം നടത്തി. പ്രസംഗം വലിയ വിവാദമായതോടെയാണ് തിരുത്തിയത്.
അത്തരം പരാമർശം പാടില്ലായിരുന്നെന്നും വേദനിപ്പിച്ചെങ്കിൽ ക്ഷേമ ചോദിക്കുന്നെന്നും അദ്ദേഹം പ്രതികരിച്ചു. വിജയാഹ്ലാദത്തിന് പിന്നാലെയാണ് വനിതാ ലീഗ് നേതാവിനെയും സ്ത്രീകളെയും അധിക്ഷേപിച്ചുള്ള പ്രസംഗം നടത്തിയത്. വാർഡിൽ യുഡിഎഫ് സ്ഥാനാർഥിക്കാക്കി വനിതാ ലാഗ് നേതാക്കൾ പ്രചരണത്തിനിറങ്ങിയതിൽ പ്രകോപിച്ചായിരുന്നു പ്രസംഗം.
''വനിതാ ലീഗിനെ പറയാൻ പടില്ലത്രെ, രാഷ്ട്രീയത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ വനിതാ ലീഗിനെ മാത്രമല്ല പാണക്കാട് തങ്ങളുമാർ വരെ പറയും. വനിതാ ലീഗിനെ വരെ നിങ്ങള്‍ ഇറക്കി. വനിതാ ലീഗ് എല്ലാം എവിടെ പോയി. വനിതാ ലീഗിന്‍റെ ഒരു വ്യക്തി ഒരു വീഡിയോ ഇറക്കിയിരുന്നു. വനിതാ ലീഗിനെ പറയാന്‍ പാടില്ലത്രേ. ജമീല താത്തയും കൂട്ടരും വനിതാ ലീഗിനെ പറയാന്‍ പാടില്ലെന്ന് പറഞ്ഞു.
എന്‍റെ വീട്ടിലും കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളുണ്ടെന്നും അവരെയൊക്കെ കെട്ടി കൊണ്ടുവന്നത് ഭർത്താക്കൻമാരുടെ കൂടെ അന്തിയുറങ്ങാനാണെന്നും പ്രസംഗത്തിൽ പറയുന്നുണ്ട്. കല്യാണം കഴിക്കുമ്പോൾ തറവാട് നോക്കണമെന്ന് പറയുന്നത് ഇതിനൊക്കെ വേണ്ടിയാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ ഇതല്ല ഇതിലും വലുത് കേൾക്കേണ്ടി വരും. അതിനൊക്കെയുള്ള ഉളുപ്പ് ഉണ്ടെങ്കിൽ ഇറങ്ങിയാൽ മതി. താൻ ഈ പറഞ്ഞതിനെതിരെ കേസ് വേണമെങ്കിൽ കൊടുത്തോളൂ''- എന്നുമാണ് സയ്യിദ് അലി മജീദ് പറഞ്ഞിരുന്നത്.
പ്രസംഗത്തിന്‍റെ വീഡിയോ വൈറലായതിനു പിന്നാലെ വിവിധ കോണുകളിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെയാണ് സൈയ്തലവി മജീദ് നിലപാട് തിരുത്തിയത്.