അയ്യപ്പസംഗമവും വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ വന്നിറങ്ങിയതും വോട്ടുകൾ നഷ്ടപ്പെടുത്തിയെന്ന് വിമർശനം; നേതൃയോഗത്തിനൊരുങ്ങി എൽഡിഎഫ്

പാലക്കാട്, തൃപ്പൂണിത്തുറ നഗരസഭകളിൽ ബിജെപിയെ അകറ്റി നിർത്താനുള്ള സഖ്യങ്ങൾ സംബന്ധിച്ച നേതാക്കളുടെ അഭിപ്രായവും തേടും.
LDF prepares for leadership meeting

അയ്യപ്പസംഗമവും വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ വന്നിറങ്ങിയതും വോട്ടുകൾ നഷ്ടപ്പെടുത്തിയെന്ന് വിമർശനം; നേതൃയോഗത്തിനൊരുങ്ങി എൽഡിഎഫ്

Updated on

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വികസന-ക്ഷേമ പ്രവർത്തനങ്ങൾ പ്രധാന പ്രചാരണ ആയുധമാക്കിയിറങ്ങിയെങ്കിലും തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോടുമടക്കമുണ്ടായ പരാജയം എൽഡിഎഫിൽ വലിയ ഞെട്ടലാണുണ്ടായിരിക്കുന്നത്. തോൽവി അപ്രതീക്ഷിതമായിരുന്നെന്നും പാർട്ടി പരിശോധിക്കുമന്നുമെല്ലാം പതിവ് വാചകങ്ങളിലൊതുക്കാതെ ഫലത്തിന് പിന്നാലെ മുന്നണി യോഗം വിളിച്ച് കാരണങ്ങള്‍ കണ്ടെത്താനുള്ള നടപടികളിലാണ് എൽഡിഎഫ്. ചൊവ്വാഴ്ച എല്‍ഡിഎഫ് നേതൃ യോഗം ചേരും. യോഗത്തില്‍ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. മുന്നണിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയ കനത്ത തിരിച്ചടി മറികടക്കാനുള്ള തിരുത്തല്‍ വേണമെന്ന ആവശ്യം സിപിഐ ഇതിനകം ഉന്നയിച്ചു കഴിഞ്ഞതിനാൽ വിശദമായ ചർച്ച നടത്തും. ഇതിന് മുന്നോടിയായി തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ തിങ്കളാഴ്ച സിപിഎമ്മിന്‍റെയും സിപിഐയുടെയും നേതൃയോഗങ്ങളും ചേരുന്നുണ്ട്. സിപിഎം സംസ്ഥാന സമിതി, സെക്രട്ടേറിയറ്റ് യോഗങ്ങളും സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. ജില്ലകളിലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യങ്ങളും മറ്റ് പാർട്ടികളുമായി തുടർന്നുള്ള സഹകരണവുമടക്കം ചർച്ചയാകും. പാലക്കാട്, തൃപ്പൂണിത്തുറ നഗരസഭകളിൽ ബിജെപിയെ അകറ്റി നിർത്താനുള്ള സഖ്യങ്ങൾ സംബന്ധിച്ച നേതാക്കളുടെ അഭിപ്രായവും തേടും.

സംസ്ഥാനതല യോഗത്തിന് മുന്നോടിയായി നേതാക്കൾ പരസ്പരം ആശയവിനിമയം നടത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ ജില്ലകളിൽ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വി ഗൗരവത്തോടെ പരിശോധിക്കണമെന്നതാണ് താഴെത്തട്ടിൽ നിന്നടക്കമുള്ള ആവശ്യം.

ജില്ലകളിൽ യോഗം ചേർന്ന ശേഷം പ്രാഥമിക വിലിരുത്തൽ നേതൃത്വവുമായി പങ്കുവെച്ചിട്ടുണ്ട്. മലബാറിലടക്കം തിരിച്ചടിക്ക് കാരണം സംസ്ഥാന ഭരണത്തിനെതിരായ ജനവികാരമാണെന്ന് വിലയിരുത്തൽ. ഭരണവിരുദ്ധ വികാരമുണ്ടായിട്ടുണ്ടോ, സർക്കാരിനെതിരായ ആഖ്യാനങ്ങളും ചർച്ചകളും പ്രതിപക്ഷം സൃഷ്ടിച്ചെടുത്തത് എങ്ങനെ? അതിന് നമ്മുടെ എന്തെങ്കിലും പോരായ്മകൾ നിമിത്തങ്ങളായിട്ടുണ്ടോ? തുടങ്ങിയ കാര്യങ്ങൾ മുന്നണി യോഗവും പരിശോധിക്കും.

ശബരിമല സ്വർണക്കൊള്ള, ആഗോള അയ്യപ്പ സംഗമം എന്നിവയാണ് കനത്ത തിരിച്ചടിയുണ്ടാക്കിയ പ്രധാന ഘടകങ്ങളെന്നും താഴെത്തട്ടിൽ അഭിപ്രായമുണ്ട്. ശബരിമലയെ പോലുള്ള ഒരു ക്ഷേത്രത്തിൽ ഇത്തരം സംഭവം നടന്നത് വിശ്വാസികളെയും മതേതര ജനാധിപത്യ കാഴ്ചപ്പാടുള്ളവരെയും ഒരുപോലെ വേദനിപ്പിച്ചെന്നാണ് താഴെ തട്ടിൽ നിന്നും ലഭിച്ച റിപ്പോർട്ട്. വിശ്വാസികളെ ഒപ്പം നിർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആഗോള അയ്യപ്പ സംഗമം യാതൊരു തരത്തിലും ഗുണകരമായില്ലെന്ന് മാത്രമല്ല, രണ്ട് രീതിയിൽ ദോഷകരമായി ബാധിച്ചതായും വിലയിരുത്തപ്പെടുന്നു. ഭൂരിപക്ഷ സമുദായത്തെ ഒപ്പം നിർത്താനുള്ള ശ്രമം ഫലം കണ്ടില്ലെന്നും ജില്ലകളിൽ നിന്നും അഭിപ്രായമെത്തിയിട്ടുണ്ട്. കൂടാതെ, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്നുവന്നതും വലി‍യ തിരിച്ചടിയായി. അയ്യപ്പ സംഗമം കാരണം ന്യൂനപക്ഷ വോട്ടുകൾ വലിയ രീതിയിൽ എതിരായി. സംഗമവേദിയിലേക്ക് വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ വന്നിറങ്ങിയത് പോലും ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടുത്താൻ കാരണമായെന്നും വിമർശനമുയരുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com