പിഎം ശ്രീ: ഇടതു മുന്നണി രണ്ടു തട്ടിൽ

എൽഡിഎഫിൽ പരസ്യമായ ഭിന്നത ‌| പണം പാഴാക്കാനാവില്ലെന്ന് വി. ശിവൻകുട്ടി
പിഎം ശ്രീ: ഇടതു മുന്നണി രണ്ടു തട്ടിൽ | LDF split over PM Shree

കേരളം പിഎം ശ്രീ പദ്ധതിയിൽ ചേരുന്ന കാര്യത്തിൽ ഭിന്നത.

Updated on
Summary

പദ്ധതിയിൽ ചേരാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയാറെടുക്കുമ്പോൾ, കേന്ദ്ര സർക്കാരിന്‍റെ ദേശീയ വിദ്യാഭ്യാസ നയത്തെ (എൻഇപി) തുറന്നെതിർക്കേണ്ടതാണെന്നും, ഈ പദ്ധതിയിൽ ചേരരുതെന്നും സിപിഐ സംസ്ഥാന നേതൃത്വം പറയുന്നു.

തിരുവനന്തപുരം: മൂന്നു വർഷം തുടർന്ന വിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ 'പിഎം ശ്രീ' (പ്രധാന്‍മന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ) കേരളത്തിൽ നടപ്പാക്കാനൊരുങ്ങുന്നതിനിടെ എൽഡിഎഫിൽ ഭിന്നത. പദ്ധതിയിൽ ചേരാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയാറെടുക്കുമ്പോൾ, കേന്ദ്ര സർക്കാരിന്‍റെ ദേശീയ വിദ്യാഭ്യാസ നയത്തെ (എൻഇപി) തുറന്നെതിർക്കേണ്ടതാണെന്നും ഈ പദ്ധതിയിൽ ചേരരുതെന്നും സിപിഐ സംസ്ഥാന നേതൃത്വം വിമർശിക്കുന്നു.

ദേശീയ വിദ്യാഭ്യാസ നയത്തെ അനുകൂലിക്കില്ലെന്നും എന്നാൽ, കേന്ദ്ര സർക്കാരിൽ നിന്ന് ഫണ്ട് നേടിയെടുക്കാനാണ് സംസ്ഥാനം ഈ പദ്ധതിയുടെ ഭാഗമാകാൻ തീരുമാനിച്ചതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. എന്നാൽ, പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നാണ് സിപിഐ പ്രതിനിധിയായ റവന്യൂ മന്ത്രി കെ. രാജൻ പ്രതികരിച്ചത്. എൻഇപിയിൽ കേന്ദ്രം നയം മാറ്റിയിട്ടില്ലെന്നും ഇടതുസർക്കാർ ഇതിനെ എതിർക്കുകയാണു വേണ്ടതെന്നും പ്രതീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂടി രംഗത്തെത്തിയതോടെ സർക്കാർ നടപടികൾ പ്രതിസന്ധിയിലാണ്.

പിഎം ശ്രീ പദ്ധതി കേന്ദ്ര ഫണ്ട് ആണെങ്കിലും അത് എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് ശിവൻകുട്ടി പറയുന്നു. എന്തെങ്കിലും ന്യായം പറഞ്ഞു കുറയ്ക്കാം എന്നാണ് കേന്ദ്രം ആലോചിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് 1,466 കോടി രൂപയാണ് ലഭിക്കാനുള്ളത്. മറ്റു വകുപ്പുകൾ തുക വാങ്ങുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് മാത്രം വാങ്ങാതിരിക്കേണ്ട കാര്യമില്ല. കുട്ടികൾക്ക് കിട്ടേണ്ട ഫണ്ട് സാങ്കേതികത്വം പറഞ്ഞ് മാറ്റേണ്ടതില്ല. കേരളത്തിന്‍റെ വിദ്യാഭ്യാസ പാരമ്പര്യം അനുസരിച്ചു മുന്നോട്ടു പോകും. നമ്മുടെ കുട്ടികൾക്ക് ലഭിക്കേണ്ട തുകയല്ലേ. അത് കളയേണ്ട കാര്യമില്ലല്ലോ- മന്ത്രി പറഞ്ഞു.

എന്നാൽ, ശിവൻകുട്ടി പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ മന്ത്രി രാജൻ, ബിനോയ് വിശ്വം പറഞ്ഞതാണ് സിപിഐ നിലപാടെന്നു വ്യക്തമാക്കി. കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ കേന്ദ്ര സർക്കാരിന്‍റെ ആക്രമണം തുടരുകയാണ്. ഉച്ചക്കഞ്ഞിയിൽ പോലും അതു നടക്കുന്നു. കേരളത്തിന്‍റെ വിയോജിപ്പ് നിലനിൽക്കുന്നതിനാലാണ് പദ്ധതിയിൽ ഒപ്പിടാത്തത്. ഫണ്ട് തരനാകില്ലെന്ന് പറയാൻ കേന്ദ്ര സർക്കാരിന് എന്ത് അധികാരം. സംസ്ഥാന സർക്കാർ ഒരു തീരുമാനവും ഇക്കാര്യത്തിൽ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ രാജൻ, വിദ്യാഭ്യാസ മന്ത്രി പറഞ്ഞതെന്താണ് എന്നറിയില്ലെന്നും കൂട്ടിച്ചേർത്തു.

പിഎം ശ്രീ പദ്ധതി ഇങ്ങനെ

രാജ്യത്തൊട്ടൊകെ 14,500 വിദ്യാലയങ്ങളുടെ വികസനമാണ് 'പിഎം ശ്രീ' വിഭാവനം ചെയ്തത്. 27,360 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇതില്‍ 18,128 കോടി രൂപ കേന്ദ്രവിഹിതം. 9,232 കോടി സംസ്ഥാനങ്ങളുടെ വിഹിതം. ഒരു ബ്ലോക്ക് റിസോഴ്‌സ് സെന്‍ററിനു (ബിആര്‍സി) കീഴില്‍ 2 സ്‌കൂളുകള്‍ക്കാണ് (ഒരു പ്രൈമറി സ്‌കൂളും ഒരു സെക്കന്‍ഡറി സ്‌കൂളും) പദ്ധതിയില്‍ ഇടം ലഭിക്കുക.

കേരളം പദ്ധതിയില്‍ പങ്കാളിയായാല്‍ ഗുണം ലഭിക്കുക 168 ബിആര്‍സികളിലായി 336 സ്‌കൂളുകള്‍ക്കാണ്. ഈ സ്‌കൂളുകള്‍ക്കു പ്രതിവര്‍ഷം 85 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വിവിധ പദ്ധതികള്‍ക്കു ലഭിക്കും. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ ഒഴികെ 33 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പദ്ധതിയുടെ ഭാഗമായി.

'പിഎം ശ്രീ' പദ്ധതിയില്‍ സംസ്ഥാനം ഒപ്പിടാത്തതിനാല്‍ കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളുടെ ഫണ്ട് വിഹിതം അനുവദിക്കാതെ കേന്ദ്രം ഉപരോധം കടുപ്പിച്ചു. അതോടെയാണു കേരളം വഴങ്ങുന്നത്. സമഗ്ര ശിക്ഷാ കേരളം (എസ്എസ്‌കെ) വഴി നടപ്പാക്കുന്ന മിക്ക കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളും പ്രതിസന്ധിയിലാണ്.

സ്‌കൂളുകളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുക, നവീകരണ പദ്ധതികള്‍ നടപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ പ്രധാനം. നിലവില്‍ രാജ്യത്തെ 12,505 സ്‌കൂളുകളാണ് പിഎം ശ്രീ പദ്ധതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ 1,314 പ്രൈമറി സ്‌കൂളുകളും 3,149 എലിമെന്‍ററി സ്‌കൂളുകളും 2,858 സെക്കന്‍ഡറി സ്‌കൂളുകളും 5,184 സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകളുമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com