
ന്യൂഡൽഹി: സംഗീതജ്ഞയും കലാഗവേഷകയും അധ്യാപികയുമായിരുന്ന ലീല ഓംചേരി (94) അന്തരിച്ചു. 2009ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. നാടകകൃത്ത് ഓംചേരി എൻ.എൻ. പിള്ള ഭർത്താവാണ്. പ്രമുഖ ഗായകൻ കമുകറ പുരുഷോത്തമന്റെ സഹോദരിയാണു ലീല ഓംചേരി. ഭാതികദേഹം ഇന്ന് ഡൽഹിയിലെ വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം നാളെ.
1929ൽ തിരുവട്ടാർ കമുകറ വീട്ടിൽ പരമേശ്വരക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകളായാണു ജനനം. ചെറുപ്പത്തിലെ തന്നെ സംഗീതം അഭ്യസിച്ചു. പതിനാലാം വയസിലായിരുന്നു അരങ്ങേറ്റം. തിരുവനന്തപുരം വിമൻസ് കോളെജിൽ നിന്നു സംഗീതത്തിൽ ഡിസ്റ്റിങ്ഷനോടെ ജയിച്ച ലീല വിവാഹശേഷമാണു ഡൽഹിയിലെത്തിയത്. കർണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചു. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നു പിഎച്ച്ഡിയും നേടി.
1964ലാണു ഡൽഹി യൂണിവേഴ്സിറ്റിയിൽ സംഗീത അധ്യാപകിയായത്. മുപ്പതു വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു. സംഗീതത്തെക്കുറിച്ചു നിരവധി പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി അന്താരാഷ്ട്ര കോൺഫറൻസുകളിൽ പങ്കെടുത്തു. ദൂരദർശൻ സീരിയൽ സെലക്ഷൻ ബോർഡ്, ആകാശവാണി ഓഡിഷൻ ബോർഡ്, വിവിധ യൂണിവേഴ്സിറ്റികളുടെ റിസർച്ച് ബോർഡ് തുടങ്ങിയവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ലീലാഞ്ജലി(കഥാസമാഹാരം), ജീവിതം (നാടകം), ആഹാരവും ആരോഗ്യവും(പഠനം), സംഗീതാദി(പഠനം) തുടങ്ങിയവയാണു പ്രധാന കൃതികൾ. ശ്രീദീപ് ഓംചേരി, ഡോ. ദീപ്തി ഓംചേരി ഭല്ല എന്നിവരാണു മക്കൾ.