കത്ത് വിവാദം കത്തുന്നു; ആരോപണത്തിന്‍റെ നിഴലിൽ കൂടുതൽ നേതാക്കൾ

ബ്രിട്ടനിലെ വ്യവസായിയും നിരവധി ആരോപണങ്ങള്‍ നേരിടുന്നയാളുമായ രാജേഷ് കൃഷ്ണയുമായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നുവെന്ന് വ്യക്തമാക്കുന്ന പരാതി
Letter controversy in Kerala CPM

ഷർഷാദ് | രാജേഷ് കൃഷ്ണ

Updated on
Summary

ബ്രിട്ടനിലെ വ്യവസായിയും സിനിമ നിർമാതാവുമായ രാജേഷ് കൃഷ്ണയുമായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നുവെന്ന് വ്യക്തമാക്കുന്ന പരാതി പുറത്ത് വന്നു. ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് 2023ല്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് മുതിര്‍ന്ന നേതാക്കളുടെ പേരുകളും പരാമര്‍ശിക്കുന്നത്.

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ കത്ത് വിവാദത്തിനു പിന്നാലെ കൂടുതല്‍ നേതാക്കളെ ആരോപണ നിഴലിലാക്കുന്ന രേഖകളും പുറത്ത്. ബ്രിട്ടനിലെ വ്യവസായിയും സിനിമ നിർമാതാവുമായ രാജേഷ് കൃഷ്ണയുമായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നുവെന്ന് വ്യക്തമാക്കുന്ന പരാതി പുറത്ത് വന്നു. ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് 2023ല്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് മുതിര്‍ന്ന നേതാക്കളുടെ പേരുകളും പരാമര്‍ശിക്കുന്നത്.

മുന്‍ധനമന്ത്രി തോമസ് ഐസക്, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, നിലവില്‍ മന്ത്രിയായ എം.ബി രാജേഷ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ മകന്‍ ശ്യാംജിത്ത് എന്നിവരുടെ ബെനാമിയാണ് താനെന്ന് രാജേഷ് കൃഷ്ണ തന്നെ അവകാശപ്പെട്ടതായി പരാതിയില്‍ പറയുന്നു. പാര്‍ട്ടി പോളിറ്റ് ബ്യൂറോയ്ക്ക് രഹസ്യ സ്വഭാവത്തില്‍ ലഭിച്ച പരാതി ചോര്‍ന്നതില്‍ സിപിഎം പ്രതിസന്ധിയില്‍ തുടരുന്നതിനിടെയാണ് മുതിര്‍ന്ന നേതാക്കളെ സംശയനിഴലിലാക്കുന്ന വിവരവും പുറത്ത് വന്നത്.

സര്‍ക്കാരിന്‍റെ സുപ്രധാന പദ്ധതികളായ കിഫ്ബി മസാല ബോണ്ടും, കെഎസ്എഫ്ഇ പ്രവാസി ചിട്ടി എന്നിവയുമായും രാജേഷ് കൃഷ്ണയ്ക്ക് പങ്കുണ്ടെന്നും ലണ്ടനില്‍ ഒറ്റമുറി ഫ്ലാറ്റില്‍ കഴിഞ്ഞിരുന്ന രാജേഷിന്‍റെ സാമ്പത്തികനില 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം മാറി മറിഞ്ഞുവെന്നും ഫിഷറീസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ 2020ല്‍ നടന്ന 'പ്ലാസ്റ്റ് സേവ്' പരിപാടിയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണങ്ങളും ഇതോടൊപ്പം ഉയരുന്നുണ്ട്.

അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആരോപണങ്ങള്‍ തള്ളി. പ്രചരിക്കുന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്ന് എം.വി. ഗോവിന്ദന്‍ ഡല്‍ഹിയില്‍ പറഞ്ഞു. വിശദമായി അന്വേഷിച്ച ശേഷമാണ് ഇക്കാര്യം പറയുന്നതെന്നും പരാതിയില്‍ കഴമ്പില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

എറണാകുളത്ത് മാധ്യമങ്ങളെ കണ്ട മന്ത്രി എം.ബി. രാജേഷ് ഇതു സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. നാല് കൊല്ലമായി വാട്‌സാപ്പില്‍ കറങ്ങുന്ന കത്താണ് ഇപ്പോള്‍ വിവാദമാക്കുന്നതെന്ന് എം ബി രാജേഷ് പരിഹസിച്ചു. രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന്, ഉദ്ദേശ്യം മനസിലായെന്നും തലക്കെട്ട് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

തനിക്കെതിരായ ആരോപണം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു ഡോ. ടി.എം. തോമസ് ഐസകിന്‍റെ പ്രതികരണം. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കൊണ്ടുവന്ന് സിപിഎമ്മിനെ തകര്‍ക്കാന്‍ ആകില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള വിവാദമായി മാത്രമേ ഇതിനെ കാണുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു.

അതിനിടെ രാജേഷ് കൃഷ്ണക്കിതെരേ ഷര്‍ഷാദ് സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് ലഭിച്ച പരാതി തന്നെയാണ് ചോര്‍ന്നതെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങളും പുറത്ത് വന്നു. രാജേഷ് കൃഷ്ണ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 2022ലായിരുന്നു ഷര്‍ഷാദ് രാജേഷ് കൃഷ്ണയ്‌ക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കിയത്. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ വിദേശ പ്രതിനിധിയായി രാജേഷ് കൃഷ്ണയെ ഉള്‍പ്പെടുത്തിയതിനെതിരെയായിരുന്നു ഷര്‍ഷാദിന്‍റെ പരാതി.

ഈ കത്ത് കോടതിയില്‍ രേഖയായി എത്തിയതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. പ്രതിനിധി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി രാജേഷ് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസിലായിരുന്നു ഷര്‍ഷാദിന്‍റെ പരാതി രേഖയായി സമര്‍പ്പിച്ചത്.

ഷര്‍ഷാദിനെതിരേ മുന്‍ ജീവിതപങ്കാളി

തിരുവനന്തപുരം: പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ മുന്‍ ജീവിതപങ്കാളിയും സംവിധായികയുമായ പി.ടി. രത്തീന രംഗത്ത്. ഷെര്‍ഷാദിന്‍റെ വാദങ്ങള്‍ തള്ളിയാണ് മുന്‍ ഭാര്യയുടെ പ്രതികരണം. ഇപ്പോഴത്തെ വിവാദം കുടുംബ വഴക്കുമായി ബന്ധപ്പെട്ടതാണെന്നും എം.വി ഗോവിന്ദനും മകനുമായി തനിക്ക് പരിചയം ഇല്ലെന്നും രത്തീന ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

തോമസ് ഐസക് ഇടപെട്ടത് വീടിനു ജപ്തി ഭീഷണി വന്നപ്പോഴാണ്. തോമസ് ഐസക് ഇടപെട്ട് സാവകാശം നല്‍കിയിട്ടും ഷെര്‍ഷാദ് പണം അടക്കാതെ മുങ്ങിയെന്നും രത്തീന പറയുന്നു. കത്ത് വിവാദവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ക്കെതിരേയും പരാമര്‍ശങ്ങളുണ്ടായ സാഹചര്യത്തിലാണ് പ്രതികരണവുമായി രത്തീന രംഗത്തെത്തിയത്. ഗാര്‍ഹിക പീഡനത്തില്‍ കോടതി ശിക്ഷിച്ചയാളാണ് ഷര്‍ഷാദെന്നും തനിക്കെതിരായ നീക്കമാണെന്നും കുടുംബ പ്രശ്നമാണെന്നും ഇവര്‍ കുറിപ്പില്‍ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com