എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസിനെയും അയോഗ്യരാക്കാൻ സ്പീക്കർക്ക് കത്ത് നൽകും

പാർട്ടിയുടെ ചിഹ്നം ഉപയോഗിച്ച് എംഎൽഎയും മന്ത്രിയും ആയ ശേഷം പാർട്ടിയെ തള്ളിപ്പറഞ്ഞു പോയവർ ആ സ്ഥാനങ്ങൾ കൂടി ഒഴിവാനുള്ള മാന്യത കാണിക്കണമെന്ന് പ്രഫുൽ പട്ടേൽ
AK Saseendran, Thomas K Thomas
എ.കെ. ശശീന്ദ്രൻ, തോമസ് കെ. തോമസ്
Updated on

കൊച്ചി: മാറിമാറി വരുന്ന യുഡിഎഫ് - എൽഡിഎഫ് മുന്നണികൾ കേരളത്തെ തകർക്കുകയാണെന്ന് എൻസിപി വർക്കിങ് പ്രസിഡന്‍റ് പ്രഫുൽ പട്ടേൽ. എറണാകുളം രാജേന്ദ്ര മൈതാനിയിൽ സംഘടിപ്പിച്ച എൻസിപി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധികാരത്തിനു വേണ്ടിയുള്ള വടംവലികൾ മൂലം ജനങ്ങളെ ദ്രോഹിച്ചു കൊണ്ടാണ് മുന്നണികൾ മുന്നോട്ടു പോകാറുള്ളത്. ഇതിനൊരു മാറ്റം വരുത്തുവാൻ വേണ്ടിയാണ് എൻസിപിയുടെ പോരാട്ടം. പാർട്ടിയുടെ ചിഹ്നം ഉപയോഗിച്ച് എംഎൽഎയും മന്ത്രിയും ആയ ശേഷം പാർട്ടിയെ തള്ളിപ്പറഞ്ഞു പോയവർ ആ സ്ഥാനങ്ങൾ കൂടി ഒഴിവാനുള്ള മാന്യത കാണിക്കണം. മന്ത്രി എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസ് എംഎൽഎയെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകും.

ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ നിലപാടുകൾ ആണുള്ളത്. മഹാരാഷ്‌ട്രയിൽ മാത്രമാണ് എൻഡിഎ സഖ്യത്തിൽ എൻസിപി ഭാഗമായിട്ടുള്ളത്. അതത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ അനുസരിച്ചാണ് എൻസിപി നിലപാടുകൾ കൈക്കൊള്ളുന്നത്.

കേരളത്തിൽ പാരമ്പര്യമായി എൻസിപി ഉയർത്തിക്കാട്ടുന്ന ചില മൂല്യങ്ങളുണ്ട്. അത് അങ്ങനെ തന്നെ സംസ്ഥാനത്ത് തുടരും. കേരളത്തിൽ ഒരു മുന്നണിയുടെയും ഭാഗമാകാത്ത സ്വതന്ത്ര നിലപാടാണ് എൻസിപിക്കുള്ളത്.

സംസ്ഥാന പ്രസിഡന്‍റ് എൻ.എ. മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ നടന്ന രാഷ്‌ട്രീയ വിശദീകരണ യാത്രയും തുടർ പ്രവർത്തനങ്ങളും പാർട്ടിക്ക് പുതിയ ഉണർവ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ വക്താവും ജനറൽ സെക്രട്ടറിയുമായ ബ്രിജ് മോഹൻ ശ്രീവാസ്തവ മുഖ്യപ്രഭാഷണം നടത്തി. എൻ.എ. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കെ.എ. ജബ്ബാർ, കെ.കെ. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com