തിരുവനന്തപുരം: തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന് എല്‍എച്ച്ബി (ലിങ്ക് ഹോഫ്മാന്‍ ബുഷ്) കോച്ചുകള്‍ അനുവദിച്ചു. ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്ന സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കോച്ചുകളാണിവ.
തിരുവനന്തപുരത്തു നിന്നുള്ള സര്‍വീസില്‍ 29 മുതലും കണ്ണൂരില്‍ നിന്നുള്ള സര്‍വീസില്‍ 30 മുതലും പുതിയ കോച്ചുകളുണ്ടാകുമെന്നാണ് അറിയിപ്പ്. ജനശതാബ്ദിയിലെ പഴയ കോച്ചുകള്‍ മാറ്റണമെന്ന യാത്രക്കാർ ഏറെ നാളായി ആവശ്യപ്പെട്ടുവരികയായിരുന്നു.
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ബോഗികളും പഴയവയാണ്. ഇവയും മാറ്റണമെന്ന് യാത്രക്കാരും സംഘടനകളും ആവശ്യപ്പെട്ടു വരികയാണെങ്കിലും പരിഗണിച്ചിട്ടില്ല. അടുത്തു തന്നെ പുതിയ ബോഗികൾ ഇവയ്ക്കും പുതിയ ബോഗി അനുവദിക്കുമെന്നാണ് കരുതുന്നത്.
എറണാകുളം- ബെംഗളൂരു ഇന്‍റര്‍സിറ്റി, മലബാര്‍, മാവേലി, പരശുറാം തുടങ്ങിയ ട്രെയിനുകള്‍ക്കു പുതിയ കോച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യവും ഏറെ നാളായി ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും റെയ്ൽവെ അധികൃതർ പരിഗണിക്കാത്തതിൽ യാത്രക്കാർ അമർഷത്തിലാണ്. കണ്ണൂര്‍ ജനശതാബ്ദി പ്രതിദിന സര്‍വീസാക്കണമെന്ന ആവശ്യവും അധികൃതർ പരിഗണിച്ചിട്ടില്ല.