
തിരുവനന്തപുരം: മോട്ടോര്‍വാഹന വകുപ്പിന്‍റെ ലൈസന്‍സും ആര്‍സി ബുക്കും തപാലിലൂടെ അയയ്ക്കുന്നത് പുനസ്ഥാപിച്ചു. ഇതിനുള്ള പണം തപാല്‍ വകുപ്പിന് അനുവദിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു നവംബര്‍ ആദ്യവാരം വിതരണം നിര്‍ത്തിയത്.
ജൂണ്‍ വരെയുള്ള പണമേ ഇതുവരെ നല്‍കിയിട്ടുള്ളൂ. സര്‍ക്കാര്‍ പണം നല്‍കാമെന്ന് ഇന്നലെ വാക്കാല്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് 11ാം ദിവസം വിതരണം പുനരാരംഭിച്ചത്. പണം ലഭിക്കാത്തതിനാല്‍ നവംബര്‍ മുതല്‍ വിതരണം നിര്‍ത്തിവയ്ക്കുന്നതായി തപാല്‍വകുപ്പ് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചിരുന്നു. ലൈസന്‍സ്, ആര്‍സി ബുക്കുകള്‍ എന്നിവ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് സ്വീകരിച്ച് സ്പീഡ് പോസ്റ്റ് വഴിയാണ് വിതരണം ചെയ്തിരുന്നത്. കുടിശിക വന്നതോടെ സേവനം നിര്‍ത്താന്‍ തപാല്‍ വകുപ്പ് തീരുമാനിക്കുകയായിരുന്നു.
എറണാകുളം കാക്കനാട്ടെ ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫിസില്‍ നിന്നാണ് രേഖകള്‍ തപാലില്‍ അയയ്ക്കുന്നത്. രേഖകള്‍ തപാലില്‍ ലഭിക്കാന്‍ നേരത്തേ അപേക്ഷകര്‍ കവറില്‍ സ്റ്റാംപ് ഒട്ടിച്ചു നല്‍കണമായിരുന്നു. ഇതിനായി ഇപ്പോള്‍ അപേക്ഷകന്‍റെ പക്കല്‍ നിന്നു ഫീസ് ഈടാക്കുന്നുണ്ട്.