അവിഹിതം ചോദ്യം ചെയ്ത 16കാരിയെ കൊന്ന് കിണറ്റിൽ തള്ളിയ കേസിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം

തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവിന്‍റേതാണുത്തരവ്.
കോടതി
കോടതിfile image

തിരുവനന്തപുരം: അവിഹിതബന്ധം ചോദ്യം ചെയ്ത16കാരിയെ കൊന്ന് കിണറ്റിൽ തള്ളിയ അമ്മയ്ക്കും കാമുകനും ജീവപര്യന്തം തടവും മൂന്നരലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നെടുമങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മീരയെയാണ് അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊന്ന് സിമന്‍റു കട്ട വച്ചുകെട്ടി പൊട്ടക്കിണറ്റില്‍ തള്ളിയത്. പിഴയൊടുക്കാത്ത പക്ഷം പ്രതികള്‍ 8 വര്‍ഷം അധിക കഠിനതടവനുഭവിക്കാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവിന്‍റേതാണുത്തരവ്.

2019 ജൂണ്‍ 10ന് രാത്രിയിലാണ് സംഭവം നടന്നത്. നെടുമങ്ങാട് കരിപ്പൂർ കാരാന്തല കുരിശടിമുക്കിന് സമീപം താമസിച്ചിരുന്ന അനീഷ് (29), ഇയാളുടെ കാമുകി നെടുമങ്ങാട് തെക്കുംകര പറഞ്ഞോട് കുന്നിൽവീട്ടിൽ വാടകയ്ക്കു താമസിക്കുന്ന മഞ്ജുഷ (34) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. മഞ്ജുഷയുടെ ഏകമകളാണ് മീര. കൃത്യം നടന്ന് 19 ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 30നാണ് കിണറ്റില്‍ നിന്ന് മീരയുടെ മൃതദേഹം പുറത്തെടുത്തത്. മീരയുടെ പിതാവ് രണ്ടുവർഷം മുമ്പ് മരിച്ചിരുന്നു. മഞ്ജുഷയും അനീഷുമായുള്ള അവിഹിതബന്ധം നേരിൽ കാണുകയും ചോദ്യം ചെയ്യുകയും ചെയ്തതാണ് മകളെ കൊല്ലാന്‍ ഇരുവരെയും പ്രേരിപ്പിച്ചത്. കഴുത്തു ഞെരിച്ചുകൊന്ന് കെട്ടിത്തൂക്കാനായിരുന്നു ആദ്യപദ്ധതി. മഞ്ച പേരുമല ചരുവിളയില്‍ താമസിക്കുന്ന അമ്മൂമ്മ വത്സലയെ കണ്ട് അമ്മയ്ക്കുള്ള പൊതിച്ചോറുമായി എത്തിയതായിരുന്നു മീര. ഇരുവരുടെയും അവിഹിതബന്ധത്തെ മീര രൂക്ഷമായി ചോദ്യം ചെയ്തു. എന്നാൽ ചില ആണ്‍കുട്ടികളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് മകളെ മഞ്ജുഷ മർദ്ദിച്ചു. കട്ടിലില്‍ ഇരിക്കുകയായിരുന്ന മകളുടെ കഴുത്തില്‍ കിടന്ന ഷാളില്‍ മഞ്ജുഷ ചുറ്റിപ്പിടിച്ച് കഴുത്ത് ഞെരിച്ചു. കരഞ്ഞ് ഒച്ച വയ്ക്കാന്‍ ശ്രമിച്ച മീരയെ അനീഷ് വായ് പൊത്തിപ്പിടിച്ച ശേഷം കട്ടിലിലേക്ക് തള്ളിയിട്ടു. പിന്നീട് അനീഷും കഴുത്തു ഞെരിച്ചു.

കുഴഞ്ഞുവീണ മീരയെ കട്ടിലിന് സമീപം കിടത്തി പുതപ്പുകൊണ്ടു കൂടി. അര്‍ധരാത്രിയോടെ അനീഷും മഞ്ജുഷയും ചേര്‍ന്ന് മീരയെ ബൈക്കില്‍ ഇരുത്തി യാത്രചെയ്ത് അഞ്ചുകിലോമീറ്റര്‍ മാറി കരിപ്പൂര്‍ കാരാന്തലയിലെത്തിച്ചു. അനീഷിന്‍റെ വീടിനടുത്തുള്ള കുരിശടിക്ക് സമീപത്തെ പൊട്ടക്കിണറ്റിലേക്ക് മൃതദേഹം സിമന്‍റ് കട്ട കെട്ടിവച്ച് തള്ളുകയായിരുന്നു.

മഞ്ജുഷയുടെ അമ്മ വത്സല നെടുമങ്ങാട് പൊലീസില്‍ നല്‍കിയ പരാതിയാണ് അരുംകൊലയുടെ ചുരുളഴിച്ചത്. ചോദ്യം ചെയ്യലില്‍ മീര വീട്ടില്‍ കെട്ടിത്തൂങ്ങി മരിച്ചുവെന്നും അപമാനഭാരത്താല്‍ കിണറ്റില്‍ തള്ളിയെന്നുമാണ് മഞ്ജുഷ ആദ്യം പറഞ്ഞത്. അന്വേഷണത്തിൽ മഞ്ജുഷയുടെ ആരോപണം വ്യാജമാണെന്ന് പൊലീസിന് വ്യക്തമായി. 2019 ഒക്ടോബര്‍ 11നാണ് നെടുമങ്ങാട് പൊലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് 75 സാക്ഷികളെ വിസ്തരിക്കുകയും 43 തൊണ്ടി മുതലുകളും 121 രേഖകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.