നെയ്യാർ സഫാരി പാർക്കിൽ വീണ്ടും സിംഹ ഗർജനം മുഴങ്ങും

കേരളത്തിലെ ഒരേയൊരു ലയൻ സഫാരി പാർക്കായ നെയ്യാർ തന്നെയാണ് ഏഷ്യയിലെ ആദ്യത്തെ ലയൻ സഫാരി പാർക്കും
Lion roars at Neyyar Safari Park
നെയ്യാർ സഫാരി പാർക്കിൽ വീണ്ടും സിംഹ ഗർജനം മുഴങ്ങും
Updated on

## പി.ബി. ബിച്ചു

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായിരുന്ന നെയ്യാർ ഡാമിനുള്ളിലെ ലയൺ സഫാരി പാർക്കിൽ നിന്നും വീണ്ടും സിംഹ ഗർജനം ഉയരും. സിംഹങ്ങളുടെ ആവാസ വ്യവസ്ഥയ്ക്കു വേണ്ട വന വിസ്തൃതി ഡാമിലെ ദ്വീപിനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2021ൽ കേന്ദ്രം, പാർക്കിന്‍റെ അംഗീകാരം റദ്ദാക്കിയത്. എന്നാൽ, പാർക്ക് വീണ്ടും തുറന്നു നൽകണമെന്ന സ്ഥലം എംഎൽഎയുടെ നിരന്തര ആവശ്യത്തിനു പിന്നാലെ, കൂടുതൽ സ്ഥലം തയാറാക്കിയാൽ അനുമതി നൽകാമെന്ന് കേന്ദ്ര മൃഗശാലാ അഥോറിറ്റി കഴിഞ്ഞ ദിവസം മറുപടിക്കത്ത് നൽകിയതോടെയാണ് പാർക്കിന് വീണ്ടും ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്.

നെയ്യാർ വന്യജീവി സങ്കേതത്തിലെ വനഭൂമിയിൽ നിന്ന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് സിംഹ സഫാരി പാർക്ക് സ്ഥാപിക്കാമെന്നാണ് സ്ഥലം എംഎൽഎ സി.കെ. ഹരീന്ദ്രന്‍റെ നിലപാട്. വനം മന്ത്രി എ.കെ. ശശീന്ദ്രൻ, വനം വകുപ്പ് അധികൃതർ എന്നിവരുമായി വിഷയം ചർച്ച ചെയ്ത് ഉടൻ പ്രൊപ്പോസൽ തയാറാക്കാനാണ് തീരുമാനം.

സ്വദേശികളും വിദേശികളുമായി ധാരാളം സന്ദർശകർ എത്തിയിരുന്ന കേരളത്തിലെ ഒരേയൊരു ലയൻ സഫാരി പാർക്കായ നെയ്യാർ തന്നെയാണ് ഏഷ്യയിലെ ആദ്യത്തെ ലയൻ സഫാരി പാർക്കും.1984ൽ സ്ഥാപിച്ച ഈ പാർക്കിൽ പ്രത്യേകം കമ്പിവേലിയാൽ തീർത്ത കൂട്ടിലായിരുന്നു സിംഹങ്ങളെ പാർപ്പിച്ചിരുന്നത്. ഡാമിൽ നിന്നും ടിക്കറ്റെടുത്താൽ ബോട്ടിൽ ദ്വീപിലേക്കെത്തി വനം വകുപ്പിന്‍റെ പ്രത്യേക വാഹനത്തിൽ സിംഹങ്ങളെ അടുത്തുകാണാമായിരുന്നു.

തൃശൂർ മൃഗശാലയിൽ നിന്നെത്തിച്ച നാല് സിംഹങ്ങളുമായി നെയ്യാർ ഡാമിലെ മരക്കുന്നം ദ്വീപിൽ തുടങ്ങിയ പാർക്ക് ദേശീയ മൃഗശാലാ അഥോറിറ്റി ലൈസൻസ് പുതുക്കി നൽകാത്തതിനാലാണ് അടച്ചുപൂട്ടേണ്ടി വന്നത്. അഥോറിറ്റിയുടെ നിബന്ധനപ്രകാരം വലിയ മാംസഭുക്കുകളുടെ സഫാരി നടത്തുന്നതിന് പാർക്കിന് കുറഞ്ഞ വിസ്തീർണം 20 ഹെക്റ്റർ എങ്കിലും വേണം. നിലവിലെ പാർക്കിന്‌ 4 ഹെക്റ്റർ വിസ്തൃതിയേയുള്ളൂ എന്നതാണ് അടച്ചുപൂട്ടുന്നതിന് പ്രധാന കാരണമായി മാറിയത്‌.

അഥോറിറ്റിയുടെ നിബന്ധനയും വംശ വര്‍ധന തടയാനായി സിംഹങ്ങളെ വന്ധ്യംകരിച്ചതും ഉണ്ടായിരുന്ന സിംഹങ്ങൾ ചത്തതും പാര്‍ക്കിന് തിരിച്ചടിയായി. പുതിയ സിംഹങ്ങളെ എത്തിക്കാൻ അഥോറിറ്റിയെ സമീപിച്ചതോടെയാണ് ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചത്.

പട്ടികവർഗ മേഖലയിൽ നിന്ന് ഉൾപ്പെടെയുള്ള 62 ദിവസ വേതന ജീവനക്കാർ ജോലി ചെയ്യുന്ന നെയ്യാർ വന്യജീവി സങ്കേതത്തിലെ പ്രധാന വരുമാന സ്രോതസായിരുന്നു ലയൺ സഫാരി പാർക്ക്. ഈ വന്യജീവി സങ്കേതത്തിലെ ശരാശരി ടൂറിസം വാര്‍ഷിക വരുമാനം ഒരുകോടി 24 ലക്ഷം രൂപയായിരുന്നത് പാർക്കിന്‍റെ പ്രവർത്തനം നിലച്ചതോടെ ഇപ്പോൾ ശരാശരി 18 ലക്ഷം രൂപയായി ചുരുങ്ങി. വരുമാനം കുറഞ്ഞതിനാൽ ദിവസ വേതന ജീവനക്കാരുടെയും സമീപത്തെ കച്ചവടക്കാരുടെയും ജീവിതം പ്രതിസന്ധിയിലായി.

കൂടുതൽ സ്ഥലം കണ്ടെത്തിയാൽ ലൈസൻസ് പുതുക്കി നൽകാമെന്ന് കേന്ദ്ര മൃഗശാലാ അഥോറിറ്റി നിലപാടിൽ അയവു വരുത്തിയതോടെ എത്രയും വേഗം അനുയോജ്യമായ വനഭൂമി കണ്ടെത്തി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും അനുമതി നേടിയെടുത്ത് അഥോറിറ്റിയെ സമീപിക്കാനാണ് നീക്കമെന്ന് എംഎൽഎ പറഞ്ഞു. ദ്വീപിൽ നിന്നും മറുകരയിലെ വന്യജീവി സങ്കേതത്തിലേക്ക് പാലം നിർമിച്ച് പ്രശ്നത്തിന് പരിഹാരം കാണാനാണ് ശ്രമം. നിയമസഭാ നടപടികൾ ആരംഭിക്കുന്നതിനിടെ വനം മന്ത്രിയുമായി ചർച്ച നടത്തി തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും എംഎൽഎ സി.കെ. ഹരീന്ദ്രൻ മെട്രൊ വാർത്തയോട് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com