

സർക്കാരിനെതിരേ മനുഷ്യവകാശ കമ്മീഷന് പരാതി
തൃശൂർ: മദ്യത്തിന് പേരിടാൻ സർക്കാർ സമ്മാനം പ്രഖ്യാപിച്ചതിനെതിരേ മനുഷ്യവകാശ കമ്മീഷന് പരാതി. തൃശൂരിലെ കോൺഗ്രസ് നേതാവ് ജോൺ ഡാനിയലാണ് പരാതി നൽകിയത്. ഇത്തരം സംഭവങ്ങൾ മദ്യപാനത്തെ പ്രോൽസാഹിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നാണ് പരാതി. മദ്യത്തിന്‍റെ പരസ്യത്തിന് സമ്മാനം നൽകുന്നത് അതിനെ മഹത്വവൽക്കരിക്കുന്നതിന് തുല്യമാണ്.
മനുഷ്യന്‍റെ ആരോഗ്യത്തെയും സാമ്പത്തിക ഘടനയെയും തകർക്കുന്ന ഇത്തരം മനുഷ്യവകാശ ലംഘനം തെറ്റാണെന്നാണ് പരാതി. പരസ്യത്തിനെതിരേ കെസിബിസി മദ്യവിരുദ്ധ സമിതിയും രംഗത്തെത്തിയിരുന്നു.
പേരിടൽ മത്സരം പിൻവലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് അബ്കാരി പ്രീണന സമീപനം സ്വീകരിക്കുന്നതെന്നും സമിതി കുറ്റപ്പെടുത്തി. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറിസിൽ നിന്നും പുറത്തിറങ്ങിയ ബ്രാൻഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചുള്ള സർക്കാർ പരസ്യമാണ് വിവാദമായത്.