മദ്യനയം: തൊഴിലാളികളുടെ അഭിപ്രായവും കേൾക്കണം; വി.വി ആന്‍റണി

നമ്മുടെ യുവതലമുറ നാട്ടിൽ തന്നെ ജോലി ചെയ്യുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
മദ്യനയം: തൊഴിലാളികളുടെ അഭിപ്രായവും കേൾക്കണം; വി.വി ആന്‍റണി

കോട്ടയം: 2023-24 വർഷത്തെ മദ്യനയം ആവിഷ്കരിക്കുമ്പോൾ തൊഴിലാളികളുടെ അഭിപ്രായം കൂടി കേൾക്കണമെന്നും ബാറുകളുടെ പ്രവർത്തനസമയം രാവിലെ 9 മുതൽ രാത്രി 10 വരെയായി പുനക്രമീകരിക്കണമെന്നും ബാർ ഹോട്ടൽസ് & റിസോർട്ട് എംപ്ലോയീസ് ഫെഡറേഷൻ (എഐറ്റിയുസി) സംസ്ഥാന ജനറൽ സെക്രട്ടറിയും ഹോട്ടൽ മാനേജേഴ്സ് വെൽഫെയർ സൊസൈറ്റി ഓഫ് കേരളയുടെ പ്രസിഡന്‍റുമായ വി.വി ആന്‍റണി. മഹാമാരികൾ മൂലമോ സർക്കാർ നയങ്ങൾ മൂലമോ ബാർ ഹോട്ടലുകൾ അടച്ചിടേണ്ട സാഹചര്യമുണ്ടായാൽ അതിലെ ജീവനക്കാരെ സംരക്ഷിക്കുന്നതിന് പര്യാപ്തമായ നിർദേശങ്ങൾ മദ്യനയത്തിൽ ഉൾക്കൊള്ളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അബ്കാരി തൊഴിലാളി ക്ഷേമനിധി ഡയറക്റ്റർ ബോർഡ് അംഗമായി നിയമിതനായ വി.വി ആന്‍റണിക്ക് കോട്ടയം പ്രസ്സ് ക്ലബ് ഹാളിൽ വച്ച് ബാർ ഹോട്ടൽ മാനേജർമാരും തൊഴിലാളികളും ചേർന്ന് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു വി.വി ആന്റണി. ടൂറിസം ഹോസ്പിറ്റാലിറ്റി വ്യവസായ മേഖലയിൽ ജോലി സ്ഥിരത ഇല്ലാത്തതും മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാത്തതും ആണ് പുതുതലമുറ ഈ മേഖലയിലേക്ക് കടന്നു വരാതെ വിദേശ രാജ്യങ്ങളിൽ ജോലി തേടി പോകുന്നതിന്‍റെ പ്രധാനകാരണം. നമ്മുടെ യുവതലമുറ നാട്ടിൽ തന്നെ ജോലി ചെയ്യുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹോട്ടൽ മാനേജേഴ്സ് വെൽഫെയർ സൊസൈറ്റി ഓഫ് കേരള വൈസ് പ്രസിഡന്‍റ് ജി.ജി സന്തോഷ് കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ സമ്മേളനം കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. എഐറ്റിയുസി സംസ്ഥാന വർക്കിങ് കമ്മറ്റി അംഗവും കോട്ടയം ജില്ലാ സെക്രട്ടറിയുമായ അഡ്വ. വി.കെ സന്തോഷ് കുമാർ വി.വി ആന്‍റണിയെ പൊന്നാട അണിയിച്ച് ആദരിച്ചു. കേരള സംസ്ഥാന വ്യാപാര വ്യവസായി സമിതി കോട്ടയം ജില്ലാ ട്രഷററുമായ പി.എ അബ്ദുൾ സലീം മുഖ്യ പ്രഭാഷണം നടത്തി. അനീഷ് സക്കറിയ, സജി കലാക്ഷേത്രം എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com