മാസങ്ങള്‍ നീണ്ട സമരം ഫലം കണ്ടില്ല, ലിസ്റ്റ് റദ്ദായി; സർക്കാരിനെതിരേ ക്യാംപെയ്നൊരുങ്ങി സിപിഒ റാങ്ക് ലിസ്റ്റുകാർ

ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നില്‍ നിസഹായരായി നില്‍ക്കുന്നത് 1,000ലധികം ഉദ്യോഗാര്‍ഥികളാണ്
മാസങ്ങള്‍ നീണ്ട സമരം ഫലം കണ്ടില്ല, ലിസ്റ്റ് റദ്ദായി; സർക്കാരിനെതിരേ ക്യാംപെയ്നൊരുങ്ങി സിപിഒ റാങ്ക് ലിസ്റ്റുകാർ
Updated on

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ മാസങ്ങളോളം സമരം നടത്തിയിട്ടും ഫലം കാണാതെ സിവിൽ പൊലീസ് ഓഫിസർ (സിപിഒ) റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ സർക്കാരിനെതിരേ ക്യാംപെയ്ൻ നടത്താൻ ഒരുങ്ങുന്നു. 2023ല്‍ വന്ന സിപിഒ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി അവസാനിച്ചു.

ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നില്‍ നിസഹായരായി നില്‍ക്കുന്നത് 1,000ലധികം ഉദ്യോഗാര്‍ഥികളാണ്. എഴുത്തു പരീക്ഷയും കായിക പരീക്ഷയും അഭിമുഖവും കഴിഞ്ഞ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട തങ്ങളോടു കടുത്ത അനീതിയാണ് സർക്കാർ പുലർത്തുന്നതെന്ന് ഉദ്യോഗാർഥികൾ പറയുന്നു. സർക്കാരിനെതിരേ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തും.

റാങ്ക് ലിസ്റ്റിന്‍റെ അവസാന ദിനമായ വെള്ളിയാഴ്‌ച കനത്ത മഴ പോലും വക വയ്‌ക്കാതെ സെക്രട്ടറിയേറ്റ് പടിക്കൽ ശയനപ്രദക്ഷിണം ചെയ്താണ് ഉദ്യോഗാർഥികൾ പ്രതിഷേധം രേഖപ്പെടുത്തിയത്. മാസങ്ങൾ സമരം ചെയ്തിട്ടും ഭരണപക്ഷ യുവജന സംഘടനകളൊന്നും തിരിഞ്ഞു നോക്കിയില്ലെന്ന് അവർ പറയുന്നു. പ്രതിപക്ഷത്തിന്‍റെ പിന്തുണ ആവശ്യമില്ലെന്നും സമരക്കാർ പറഞ്ഞു.

നിയമനവുമായി ബന്ധപ്പെട്ട് ചെന്നെത്താത്ത പടിവാതിലുകളില്ല. ഒഴിവില്ലെന്ന സ്ഥിരം പല്ലവിയാണ് എല്ലായിടത്തു നിന്നും ലഭിച്ചത്. ഇതോടെ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുകയായിരുന്നു. തല മുണ്ഡനം ചെയ്തും മണ്ണും പുല്ലും തിന്നും സമരം നടത്തി. ഒരു തവണ മാത്രമാണ് അധികാരികളുമായി ചര്‍ച്ച നടത്താന്‍ സാധിച്ചത്. എന്നാല്‍ ആ ചര്‍ച്ച എങ്ങുമെത്താതെ അവസാനിച്ചു. പിന്നീടിതുവരെ ഒരു ചര്‍ച്ചകള്‍ക്കും സര്‍ക്കാര്‍ തയാറായില്ല.

പലര്‍ക്കും പ്രായപരിധി കഴിഞ്ഞതിനാല്‍ ഇനി വീണ്ടും പരീക്ഷയെഴുതാന്‍ കഴിയാത്ത സാഹചര്യമാണ്. ഏഴു ബറ്റാലിയനായി 13,975 പേര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റിലെ 4,436 പേര്‍ക്കുമാത്രമാണ് ഇതുവരെ നിയമനം ലഭിച്ചത്. ലിസ്റ്റിന്‍റെ കാലാവധി നീട്ടണമെന്നും സമരം തുടരുമെന്നും ഉദ്യോഗാര്‍ഥികള്‍ അറിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com