''നിർമാതാക്കളുടെ സംഘനയ്ക്കുള്ളിൽ ഒരു പ്രശ്നവുമില്ല, ആന്‍റണി സംഘടനയ്‌ക്കൊപ്പം നിൽക്കുന്ന ആൾ'', ലിസ്റ്റിൻ സ്റ്റീഫൻ

''മലയാള സിനിമയെ സംബന്ധിച്ച് 2024 ഏറ്റവും അധികം ഹിറ്റുണ്ടായ വർഷമാണ്. എന്നാൽ 2025 ആവുമ്പോൾ ബിസിനസ് സാധ്യത കുറഞ്ഞുവരികയാണ്''
listin stephen about the problems in producers association
ലിസ്റ്റിൻ സ്റ്റീഫൻ
Updated on

കൊച്ചി: നിർമാതാക്കളുടെ സംഘനയ്ക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ആന്‍റണി പെരുമ്പാവൂർ സംഘടനയ്‌ക്കൊപ്പം നിൽക്കുന്ന ആളാണ്. മാത്രമല്ല, ഒരു ഇന്‍ഡസ്ട്രിയെ മോശമാക്കാനോ അല്ലെങ്കില്‍ ഒരു വ്യക്തിയെ മോശമാക്കാനോ ഉദ്ദേശിച്ചല്ല സുരേഷ് കുമാറും പ്രതികരിച്ചതെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

''നാളെയൊരു സിനിമാ സമരമുണ്ടായാൽ അതിന്‍റെ ഏറ്റവും മുന്നിൽ നിൽക്കുക അസോസിയേഷന്‍റെ ഏതൊരു തീരുമാനങ്ങൾക്കൊപ്പവും ഉണ്ടാവുന്ന ആളായ ആന്‍റണി പെരുമ്പാവൂർ ആയിരിക്കും. സുരേഷേട്ടനും ഒരു വ്യക്തിയെ ഉദ്ദേശിച്ച് പറഞ്ഞതല്ല. ആന്‍റണിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വേണ്ടിയിരുന്നില്ല. പ്രശ്നത്തിനു ശേഷം ആന്‍റണിയുമായി സംസാരിച്ചിരുന്നു. പ്രശ്നങ്ങൾ പരസ്പരം സംസാരിച്ച് പരിഹരിക്കാമായിരുന്നു. ഒരു ഇന്‍ഡസ്ട്രിയെ മോശമാക്കാനോ അല്ലെങ്കില്‍ ഒരു വ്യക്തിയെ മോശമാക്കാനോ വ്യക്തിപരമായി ആരെയെങ്കിലും വേദനിപ്പിക്കാനോ ഒന്നുമല്ല സുരേഷ്‌കുമാര്‍ പറഞ്ഞത്'', ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

‌മലയാള സിനിമയെ സംബന്ധിച്ച് 2024 ഏറ്റവും അധികം ഹിറ്റുണ്ടായ വർഷമാണ്. എന്നാൽ 2025 ആവുമ്പോൾ ബിസിനസ് സാധ്യത കുറഞ്ഞുവരുകയാണ്. ഒടിടി, സാറ്റലൈറ്റ് എന്നിവ ഞങ്ങളെ വേണ്ട രീതിയിൽ കാണുന്നില്ലേ എന്ന സംശയം ഞങ്ങൾക്കുണ്ട്- അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രൊഡ്യൂസര്‍ക്ക് മിനിമം ഗ്യാരന്‍റി കിട്ടുന്നതു പോലുള്ള കാര്യങ്ങളാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ സംയുക്ത യോഗത്തില്‍ സംസാരിച്ചിരുന്നത്. അതുപോലെ ആര്‍ട്ടിസ്റ്റുകളുടെയും ടെക്‌നീഷ്യന്‍മാരുടെയും പ്രതിഫലം കുറയ്ക്കുന്നതിന് എന്ത് ചെയ്യാന്‍ പറ്റും എന്നും ചര്‍ച്ച ചെയ്തിരുന്നു.

ഇതൊക്കെ അറിയിച്ചുകൊണ്ടുള്ള ഒരു കത്ത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അമ്മയ്ക്ക് അയച്ചിരുന്നു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിഫലമുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് ഷൂട്ടിങ് സമയത്ത് അതിന്‍റെ 30 ശതമാനവും ഡബ്ബിങ് സമയത്ത് 30 ശതമാനവും റിലീസിനു ശേഷം ബാക്കി 40 ശതമാനവും നല്‍കാമെന്ന രീതിയിലാണ് പറഞ്ഞിരുന്നത്.

ഭൂരിഭാഗവും അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവരായതിനാല്‍ ഒരു കമ്മിറ്റിക്ക് മാത്രമായി തീരുമാനം പറയാനാകില്ലെന്നും, ജനറല്‍ ബോഡി കൂടിക്കഴിഞ്ഞ ശേഷം ഇതിന് മറുപടി തരാമെന്നുമാണ് അമ്മയില്‍നിന്ന് അറിയിച്ചതെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com