ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന ക്യാമ്പ് കൊച്ചിയിൽ സംഘടിപ്പിക്കും

മേയ് 15 ന് രാവിലെ 11നു പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്യും
ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന ക്യാമ്പ് കൊച്ചിയിൽ സംഘടിപ്പിക്കും

സംസ്ഥാനത്തെ സ്‌കൂളുകളിലെ ‘ലിറ്റിൽ കൈറ്റ്‌സ്’ അംഗങ്ങൾക്കുള്ള സംസ്ഥാനതല സഹവാസ ക്യാമ്പ് മേയ് 15, 16 തീയതികളിൽ കൊച്ചി കളമശ്ശേരിയിലുള്ള സ്റ്റാർട്ടപ്പ് മിഷനിൽ നടക്കും. സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 14000 കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 1200 കുട്ടികളെ ഉൾപ്പെടുത്തിയുള്ള ‘ലിറ്റിൽ കൈറ്റ്‌സ്’ ജില്ലാ ക്യാമ്പുകൾ ഫെബ്രുവരിയിൽ നടത്തിയിരുന്നു. ഈ ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത 130 കുട്ടികളാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആന്‍റ് ടെക്‌നോളജി ഫൊർ എഡ്യൂക്കേഷൻ (കൈറ്റ്) കേരള സ്റ്റാർട്ടപ് മിഷന്‍റെ പങ്കാളിത്തത്തോടെ നടത്തുന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കുന്നത്.

ക്യാമ്പ് മേയ് 15 ന് രാവിലെ 11നു പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് ക്യാംപ് അംഗങ്ങളുമായി സംവദിക്കും. ഒന്നാം ദിവസം രാവിലെ അനിമേഷൻ, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾ തയാറാക്കിയ ഉല്പന്നങ്ങളുടെ പ്രദർശനം ഉണ്ടായിരിക്കും. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, വി കൺസോൾ എം.ഡി. ജോയ് സെബാസ്റ്റ്യൻ, ഡിജിറ്റൽ മീഡിയാ കൺസൾട്ടന്‍റ് സുനിൽ പ്രഭാകർ എന്നിവർ ക്ലാസുകളെടുക്കും.

15ന് ഉച്ചയ്ക്ക് ശേഷം സ്റ്റാർട്ട്അപ് മിഷനിലെ ഫാബ്‌ലാബ്, മേക്കർ വില്ലേജ്, മേക്കർ ലാബ് തുടങ്ങിയ സംവിധാനങ്ങൾ കുട്ടികൾ സന്ദർശിക്കും. ക്യാമ്പിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, വിർച്വൽ റിയാലിറ്റി, ഓഗ്‌മെന്‍റഡ് റിയാലിറ്റി, റോബോറ്റിക്‌സ്, അനിമേഷൻ, ത്രിഡി ക്യാരക്ടർ മോഡലിംഗ്, ത്രിഡി പ്രിന്‍റിംഗ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിദഗ്ധർ ക്ലാസുകളെടുക്കും. അസിമോവോ ടെക്‌നോളജീസ്, ഫ്യൂച്ചർ ത്രിഡി, ചാനൽ ഐആം തുടങ്ങിയ കമ്പനികൾ അവതരണം നടത്തും. അനിമേഷൻ മേഖലയുമായി ബന്ധപ്പെട്ട് പ്രശസ്ത ഡിസൈനർ സുധീർ പി.വൈ.യും സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരകൻ ഇ.നന്ദകുമാറും ക്ലാസുകളെടുക്കും. സിംഗപൂർ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ റോബോട്ടിക്‌സ് വിഭാഗം തലവൻ പ്രൊഫ. പ്രഹ്‌ളാദ് വടക്കേപ്പാട്ട് കുട്ടികളുമായി ആശയവിനിമയം നടത്തും.

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ‘ലിറ്റിൽ കൈറ്റ്‌സ്’ ഐ.ടി. ക്ലബ്ബുകളിൽ കേരളത്തിലെ 2000 പൊതുവിദ്യാലയങ്ങളിലായി നിലവിൽ 62,000 കുട്ടികൾ അംഗങ്ങളാണ്. 2019 ലെ മുഖ്യമന്ത്രിയുടെ നൂതനാശയങ്ങൾക്കുള്ള ഇന്നൊവേഷൻ അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ ഊ പദ്ധതിയ്ക്ക് ലഭിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com