കുടുംബശ്രീ വായ്പയെടുത്ത് സിവിൽ സർവീസ് പഠനം; 57ാം റാങ്കോടെ സ്വപ്നം യാഥാർഥ്യമാക്കി ശ്രീജ

പണി തീരാത്ത വീട്ടിലെ ചുവരിൽ "ശ്രീജ. ജെ.എസ് ഐഎഫ്എസ്'' എന്ന് നേരത്തേ തന്നെ തന്‍റെ ആഗ്രഹം എഴുതിവച്ചിരുന്നു.
loan from Kudumbashree to study civil services; sreejas dream came true with a rank of 57

ശ്രീജ മാതാപിതാക്കൾക്കൊപ്പം

Updated on

തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ ആദ്യ ശ്രമത്തിൽ തന്നെ 57ാം റാങ്ക് നേടി തിളക്കമാർന്ന വിജയം നേടി തിരുവനന്തപുരം നരുവാമൂട് സ്വദേശിനി ശ്രീജ. നിർമാണ തൊഴിലാളിയായ അച്ഛൻ ജയകുമാറിന്‍റെയും വീട്ടമ്മയായ അമ്മ ഷീനയുടെയും പൂർണ പിന്തുണയോടെയാണ് ശ്രീജയ്ക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. ഇന്ത്യൻ ഫോറിൻ സർവീസിൽ (ഐഎഫ്എസ്) ചേരാനാണ് റാങ്ക് ലിസ്റ്റിലെ മലയാളികളിൽ ഒന്നാംസ്ഥാനത്തെത്തിയ ശ്രീജയുടെ ആഗ്രഹം. അതിനാൽ പണി തീരാത്ത വീട്ടിലെ ചുവരിൽ "ശ്രീജ. ജെ.എസ് ഐഎഫ്എസ്'' എന്ന് നേരത്തേ തന്നെ തന്‍റെ ആഗ്രഹം എഴുതിവച്ചിരുന്നു.

തുച്ഛമായ വരുമാനവും കുടുംബശ്രീയിൽ നിന്ന് എടുത്ത ലോണുകളും ഉപയോഗിച്ചാണ് മാതാപിതാക്കൾ സിവിൽ സർവീസ് പഠനത്തിനാവശ്യമായ തുക കണ്ടെത്തിയത്. മകളുടെ ആഗ്രഹങ്ങൾക്ക് ചിറകു നൽകാൻ കഠിനാധ്വാനം ചെയ്ത മാതാപിതാക്കളാണ് തന്‍റെ കരുത്തെന്നും പ്രത്യേകിച്ച് ബിരുദാനന്തര ബിരുദധാരിയായ അമ്മയുടെ പിന്തുണ പഠനത്തിൽ വലിയ സ്വാധീനം ചെലുത്തിയെന്നും ശ്രീജ ഓർക്കുന്നു.

പട്ടം സെന്‍റ് മേരീസ് സ്കൂളിലായിരുന്നു പഠനം. പിന്നെ മദ്രാസ് ക്രിസ്റ്റ്യൻ കോളെജിൽ നിന്ന് ബിരുദവും പിജിയും പൂർത്തിയാക്കിയ ശ്രീജ 2024ലാണ് സിവിൽ സർവീസ് കോച്ചിങ് ആരംഭിച്ചത്. കൃത്യമായ പ്ലാനിങ്ങോടു കൂടി ഓരോ ദിവസവും നിശ്ചയിച്ച പാഠഭാഗങ്ങൾ പഠിച്ചുതീർത്തുകൊണ്ടുള്ള കഠിനാധ്വാനമാണ് ഈ വിജയത്തിലേക്ക് നയിച്ചത്. അന്നന്നുള്ളത് പഠിച്ചിട്ടേ ഉറങ്ങാറുള്ളൂ. കഴിയാത്ത ദിവസം ആ ഭാഗങ്ങള്‍ വെള്ളിയാഴ്ചത്തേക്കോ ശനിയാഴ്ചത്തേക്കോ മാറ്റിവയ്ക്കും. പഠിച്ച ഫോർച്യൂൺ അക്കാഡമിയിൽ‌ ഞായറാഴ്ച പരീക്ഷ എഴുതാൻ പോകുന്നതിന് മുന്നേ എല്ലാം പഠിച്ചെന്ന് ഉറപ്പുവരുത്തുമായിരുന്നു. ഈ രീതി പ്രിലിംസിലും മെയിൻ പരീക്ഷയിലും ഒത്തിരി സഹായിച്ചുവെന്ന് ശ്രീജ പറയുന്നു.

ശ്രീജയ്ക്ക് പുറമേ, കേരളത്തിൽ നിന്ന് കൊല്ലം ആശ്രാമം സ്വദേശി ആദിത്യ നാരായൺ 68ാം റാങ്കും കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി അജയ് ആ‍ർ രാജ് 109ാം റാങ്കും സിദ്ധാ‍ർഥ് എം. ജോയ് 271-ാം റാങ്കും നേടിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com