

സൂക്ഷ്മ പരിശോധന പൂർത്തിയായി
കണ്ണൂർ : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. കണ്ണൂരിൽ ഇടതിന് മേൽക്കൈയെന്നാണ് വിവരം. 9 ഇടത്ത് എൽഡിഎഫിന് എതിരാളികളില്ല. മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ രണ്ട് സ്ഥാനാർത്ഥികൾക്ക് എതിരില്ല.
12 ആം വാർഡിലെ ഇടതു സ്ഥാനാർത്ഥി ഷിഗിനക്കെതിരായ യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി.
പഞ്ചായത്തിലെ മറ്റ് രണ്ടു വാർഡുകളിലെ ഇടത് സ്ഥാനാർഥികൾക്കും എതിരാളികളില്ലായിരുന്നു. കണ്ണപുരം പഞ്ചായത്തിൽ പത്താം വാർഡിലെ ഇടത് സ്ഥാനാർഥി പ്രേമ സുരേന്ദ്രന്‍റെയും മൂന്നാം വാർഡിലെ ഇടത് സ്ഥാനാർഥി കെ.വി. സജിനയുടെയും എതിരാളികളുടെ പത്രികകൾ തള്ളി. ഇവിടെ രണ്ട് ഇടങ്ങളിലും ഇടതിന് എതിരാളികളില്ല. ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിൽ ഇടത് സ്ഥാനാർഥികൾക്കെതിരെ ആരും പത്രിക നൽകിയിരുന്നില്ല. ആന്തൂരിൽ സ്ഥാനാർഥികളെ സിപിഎം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയെന്ന് കോൺഗ്രസ് പരാതി ഉന്നയിച്ചു.
കലക്ടർ സിപിഎമ്മിനെ സഹായിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. സ്ഥാനാർഥികളെ സിപിഎം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയെന്നും കണ്ണൂർ ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ് ആരോപിച്ചു