എൽഡിഎഫിന് കനത്ത തിരിച്ചടി; ഇത്തവണയും 'കനലൊരുതരി' മാത്രം, വൻ മരങ്ങളും കടപുഴകി

കഴിഞ്ഞ തവണ ശബരിമല വിഷയത്തില്‍ എടുത്ത നിലപാടാണ് പരജയത്തിലേക്ക് വഴി തുറന്നതെങ്കിൽ ഇത്തവണ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നയങ്ങളും തോൽവിയിലേക്ക് നയിച്ചു
 എൽഡിഎഫിന് കനത്ത തിരിച്ചടി; ഇത്തവണയും 'കനലൊരുതരി' മാത്രം, വൻ മരങ്ങളും കടപുഴകി

#പി.ബി. ബിച്ചു

തിരുവനന്തപുരം: പൊളിറ്റ് ബ്യൂറോ - കേന്ദ്ര കമ്മിറ്റി അംഗങ്ങളെയടക്കം ഇറക്കി പ്രചാരണ കോലാഹലം, ഭരണനേട്ടം വിവരിച്ച് നവകേരള ബസ് യാത്ര, കേന്ദ്രത്തിനെതിരേ ന്യൂനപക്ഷങ്ങളെ ഒരുമിപ്പിച്ചുള്ള പ്രതിഷേധ പരിപാടികൾ, പലസ്തീൻ അനുകൂല പ്രചാരണങ്ങൾ... കൈവിട്ടുപോയ മണ്ഡലങ്ങൾ തിരിച്ചെടുക്കാൻ പതിനെട്ടടവ് പയറ്റിയിട്ടും കഴിഞ്ഞ തവണ ലഭിച്ചതിൽ നിന്നും ഒരു സീറ്റു പോലും ഉയർത്താനാവാതെ കേരളത്തിൽ കനത്ത തിരിച്ചടിയാണ് എൽഡിഎഫിനു നേരിടേണ്ടിവന്നത്.

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഭരണം 3 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് സിപിഎമ്മിനും ഇടതുമുന്നണിക്കും കഴിഞ്ഞ തവണത്തേതിന് സമാനമായ തോൽവി ആവർത്തിച്ചതെന്നത് ശ്രദ്ധേയം. 2019ൽ ആലപ്പുഴയിൽ നിന്നും എ.എം. ആരിഫ് ആയിരുന്നു മുന്നണിയെ "സംപൂജ്യരാകാതെ' കര കയറ്റിയതെങ്കിൽ ഇത്തവണ ആലത്തൂരിൽ നിന്നും കെ. രാധാകൃഷ്ണന് മാത്രമാണ് പാർലമെന്‍റിലേക്ക് ജനങ്ങൾ ടിക്കറ്റ് നൽകിയത്. ഏക സിറ്റിങ് എംപിയെ പോലും ജയിപ്പിച്ചെടുക്കാന്‍ പാര്‍ട്ടിക്കോ മുന്നണിക്കോ കഴിഞ്ഞില്ല.

പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം ആനി രാജ, മുതിർന്ന നേതാവും മുൻ കൺട്രോൾ കമ്മീഷൻ അംഗവുമായ പന്ന്യൻ രവീന്ദ്രൻ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്, എളമരം കരീം, കെ.കെ. ശൈലജ സിറ്റിങ് എംഎൽഎമാരായ മുകേഷ്, സിപിഎം ജില്ലാ സെക്രട്ടറിമാരായ വി. ജോയി, എം.വി. ബാലകൃഷ്ണൻ, എം.വി. ജയരാജൻ ഉൾപ്പടെ സകലരും പരാജയമറിഞ്ഞതും സർക്കാരിനെതിരായ വികാരത്തിലേക്ക് തന്നെയാണ് വിരൽചൂണ്ടുന്നത്.

വിവിധ തെരഞ്ഞെടുപ്പുകളിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചുകയറി മന്ത്രിമാരും എംഎൽഎമാരുമൊക്കെയായി മാറിയ ഈ പ്രമുഖർക്ക് ആദ്യ തോൽവി അനുഭവിക്കാനായതും ഇത്തവണത്തെ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകതയാണ്. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ ടി. വീണയ്ക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളും ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ബിജെപി നേതാക്കളെ കണ്ടു എന്ന വാർത്തയുമൊക്കെ തെരഞ്ഞെടുപ്പ് സമയത്ത് വലിയ ചര്‍ച്ചയായിരുന്നു.

മുഖ്യമന്ത്രിയുടെ മകള്‍ സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണം ഉയര്‍ന്നിട്ടും മുഖ്യമന്ത്രിയോ വീണയോ പ്രതികരിക്കാതിരുന്നത് പ്രതിപക്ഷം ആയുധമാക്കി. മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ നടത്തിയ കടന്നാക്രമണം തടയാൻ കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലനെ തന്നെ രംഗത്തിറക്കിയെങ്കിലും തെരഞ്ഞെടുപ്പിൽ ഇത് ഫലം കണ്ടില്ല.

കഴിഞ്ഞ തവണ ശബരിമല വിഷയത്തില്‍ എടുത്ത നിലപാടാണ് പരജയത്തിലേക്ക് വഴി തുറന്നതെങ്കിൽ ഇത്തവണ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നയങ്ങളും തോൽവിയിലേക്ക് നയിച്ചു. അതേസമയം, തിരുത്തേണ്ടത് തിരുത്തുമെന്നും അത് സര്‍ക്കാരിന്‍റേതായാലും എന്നാണ് എകെജി സെന്‍ററിലെ ടിവിക്ക് മുന്നില്‍ ഫലം കണ്ടതിനു ശേഷം പുറത്തിറങ്ങിയ എം.വി. ഗോവിന്ദന്‍ പറഞ്ഞത്. തോൽവിയുടെ പടുകുഴിയിൽ നിന്നും വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലെങ്കിലും കരകയറാൻ തിരുത്തേണ്ടത് പിണറായി വിജയനെയാണോ അതോ പാര്‍ട്ടിയെയാണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെയാണ് വ്യക്തമാക്കേണ്ടതും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com