''മുഖ്യമന്ത്രി പറയുന്നത് ശ്രദ്ധിക്കാറേയില്ല'', സുരേഷ്‌ ഗോപിയുമായി അഭിമുഖം

വിജയത്തിൽ കുറഞ്ഞ ഒരു ലക്ഷ്യവുമില്ലെന്ന് ആത്മവിശ്വാസത്തോടെ ആവർത്തിക്കുകയാണ് സുരേഷ് ഗോപി
''മുഖ്യമന്ത്രി പറയുന്നത് ശ്രദ്ധിക്കാറേയില്ല'', സുരേഷ്‌ ഗോപിയുമായി അഭിമുഖം

#ജിബി സദാശിവൻ

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ തികഞ്ഞ വിജയപ്രതീക്ഷയിലാണ് തൃശൂരിലെ എൻഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപി. ഇത്തവണ തൃശൂർ ഇങ്ങെടുക്കും എന്ന വാശിയിലാണ് പാർട്ടി പ്രവർത്തകരും. കുടുംബയോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സുരേഷ് ഗോപിയുടെ പ്രവർത്തനം. വിജയത്തിൽ കുറഞ്ഞ ഒരു ലക്ഷ്യവുമില്ലെന്ന് ആത്മവിശ്വാസത്തോടെ ആവർത്തിക്കുകയാണ് സുരേഷ് ഗോപി.

കൊച്ചി: സമയം വൈകിട്ട് 4 മണി. തൃശൂർ ജില്ലയിലെ മരോട്ടിച്ചാൽ കവല. നാട്ടിൻപുറത്തിന്‍റെ നന്മയും സമൃദ്ധിയും ഉള്ള സ്‌ഥലം. കവലയിൽ അങ്ങിങ്ങായി ചെറിയ ആൾക്കൂട്ടം, ഓട്ടോറിക്ഷ തൊഴിലാളികൾ, കടകളിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവർ. സമീപത്തെ റബർ തോട്ടത്തോട് ചേർന്ന പറമ്പിൽ ഒരു ചെറിയ സ്റ്റേജും സദസിൽ കുറച്ച് കസേരകളും. ഉച്ചഭാഷിണിയിലൂടെ തെരഞ്ഞെടുപ്പ് ഗാനം മുഴങ്ങുന്നു. സുരേഷ്‌ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായുള്ള കുടുംബയോഗമാണ്. അഞ്ച് മണിയായതോടെ കസേരകൾ നിറഞ്ഞു തുടങ്ങി. സ്ത്രീകളും കുട്ടികളുമടക്കം സ്‌ഥലത്തേക്കെത്തി, പാർട്ടിപ്രവർത്തകരും തടിച്ചുകൂടി. നിമിഷനേരം കൊണ്ട് കസേരകൾ നിറഞ്ഞു. സമീപത്തെ കടകളിൽ സാധനങ്ങൾ വാങ്ങാനെത്തിയവരൊക്കെ പതിയെ യോഗസ്‌ഥലത്തിനു സമീപത്തേക്ക് എത്തി.

അല്പം കൂടി കഴിഞ്ഞപ്പോൾ ബഹളവും ആരവവും ഒന്നുമില്ലാതെ നാലഞ്ച് കാറുകൾ വന്ന് നിന്നു. കാറിൽ നിന്ന് കാപ്പിപ്പൊടി നിറമുള്ള ഷർട്ടും ചന്ദന നിറമുള്ള പാന്‍റ് സുമിട്ട് നിറഞ്ഞ ചിരിയോടെ സ്‌ഥാനാർഥി ഇറങ്ങി. അത്രയും നേരം അക്ഷമരായി കാത്തിരുന്ന ജനക്കൂട്ടം ഒരേ മനസോടെ മന്ത്രിച്ചു, സുരേഷ് ഗോപി ! ജനക്കൂട്ടത്തെ കണ്ടതോടെ സുരേഷ്‌ഗോപി ആവേശഭരിതനായി. എല്ലാവരെയും കൈവീശി അഭിവാദ്യം ചെയ്ത് സ്റ്റേജിൽ കയറാതെ ആൾക്കൂട്ടത്തിനു നടുവിൽ നിന്ന് മൈക്ക് കൈയിലെടുത്തു. ചുരുങ്ങിയ വാക്കുകളിൽ ലഘു പ്രസംഗം. “എന്നെ വിജയിപ്പിച്ചാൽ ഞാൻ പ്രവർത്തിച്ചു കാണിച്ചു തരാം. എന്നെ ജയിപ്പിച്ചാൽ നിങ്ങൾ ദുഃഖിക്കേണ്ടി വരില്ല. വോട്ടർമാർക്ക് നൽകാനുള്ള ഉറപ്പ് ഇത്ര മാത്രം.’ ചിരിയോടെ കൈകൂപ്പി വോട്ടഭ്യർഥിച്ച് അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്.

മരോട്ടിച്ചാലിൽ കുടുംബയോഗം കഴിഞ്ഞിറങ്ങുന്ന ഇടവേളയിൽ മെട്രോവാർത്തയോട് അൽപനേരം വിശേഷങ്ങൾ പങ്ക് വെയ്ക്കാൻ തയാറായി; ഇനിയും അഞ്ച് യോഗത്തിൽ പങ്കെടുക്കേണ്ടതാണ്, വേഗം തീർക്കണം എന്ന മുഖവുരയോടെ.

Q

തൃശൂരിൽ സുരേഷ്‌ഗോപിക്ക് ജയിക്കാൻ കഴിയില്ലെന്നാണല്ലോ മുഖ്യമന്ത്രി പറയുന്നത്

A

തൃശൂരിൽ ജയിക്കാൻ കഴിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയൊന്നും എന്നെ ബാധിച്ചിട്ടേയില്ല. മുഖ്യമന്ത്രി പറയുന്നതൊന്നും ശ്രദ്ധിക്കാറുമില്ല, അദ്ദേഹം പറഞ്ഞത് എന്താണെന്ന് അറിയുകയുമില്ല. പ്രചാരണമാണ് മുഖ്യം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്.

Q

പുതുതലമുറ വോട്ടർമാരുടെ നിലപാട്

A

പുതുതലമുറയിൽ ഏറെ പ്രതീക്ഷയുണ്ട്. യുവവോട്ടർമാർ ഇത്തവണ മാറ്റം കൊണ്ടുവരും. ഓരോവീടുകളിലും ആ മാറ്റം പ്രതിഫലിക്കും.

Q

വോട്ടർമാരോട് പറയാനുള്ളത്

A

കഴിഞ്ഞ അഞ്ച് വർഷവും അതിന് മുൻപും രണ്ട് വമ്പൻ പാർട്ടികളും ഭരിച്ചല്ലോ, എന്നിട്ട് എന്താണ് നടന്നത്. ജനങ്ങളോട് പറയാൻ കൂടുതലൊന്നുമില്ല. എന്നെ ജയിപ്പിച്ചു വിട്ട് നോക്കു, എന്തൊക്കെയാണ് ചെയ്യാൻ പറ്റുകയെന്ന് പ്രവൃത്തിയിലൂടെ ബോധ്യപ്പെടുത്താം. ഇത്രയും നാൾ രണ്ടുകൂട്ടരും ചെയ്തതിൽ നിന്ന് വ്യത്യസ്തമായിരിക്കും എന്ന് ഉറപ്പ് തരുന്നു. എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ഇതിനകം തന്നെ തൃശൂരിലെ ജനങ്ങളോട് പറഞ്ഞിട്ടുണ്ട്. പക്ഷെ അതിനും മേലെ ചെയ്യാൻ കഴിയും.

Q

പ്രതീക്ഷ എത്രത്തോളം

A

പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോൾ ആത്മവിശ്വാസം ഇരട്ടിയായി. ജനങ്ങളുടെ പ്രതികരണം ആശാവഹമാണ്. ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്നങ്ങൾ തന്നെയാണ് ചർച്ചയാകുന്നത്. കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനങ്ങൾ ജനം വിലയിരുത്തട്ടെ. ശുഭപ്രതീക്ഷയാണുള്ളത്. രാഷ്ട്രീയ സേവകനായി 2016 മുതൽ ജനങ്ങൾക്ക് മുന്നിലുണ്ട്. ഇത്തവണ തൃശൂർ അവരെനിക്ക് നൽകുമെന്ന് ഉറപ്പുണ്ട്.

Q

എന്ത് കൊണ്ട് മോദി വീണ്ടും വരണം

A

നരേന്ദ്രമോദി എന്ത് കൊണ്ട് വീണ്ടും അധികാരത്തിൽ വരണം എന്നതിന് നൂറിലേറെ കാരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്. മോദി ഗ്യാരന്‍റി ജനങ്ങൾ ചർച്ച ചെയ്യട്ടെ. എന്തുകൊണ്ട് മോദി വീണ്ടും വരണമെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ട്. മോദിയുടെ വ്യക്തിത്വവും സ്വാധീനവും ലോകരാഷ്ട്രങ്ങളിൽ പോലും പ്രകടമാണ്. പിന്നെ എന്ത്കൊണ്ട് കേരളത്തിലും ആയിക്കൂടാ?

Q

വിമർശകരോട്

A

വിമർശിക്കുന്നവരും അധിക്ഷേപിക്കുന്നവരും അത് തുടർന്നോട്ടെ, എനിക്ക് അതിന് പിന്നാലെ പോകാൻ സമയമില്ല, മറ്റൊരുപാട് ജോലിയുണ്ട്. ആരോപണങ്ങളും വിമർശനങ്ങളുമൊന്നും കണക്കിലെടുക്കുന്നില്ല. പറയുന്നവർ പറഞ്ഞോട്ടെ, എനിക്ക് അതിന് പിന്നാലെ പോകാൻ സമയമില്ല.

കുട്ടികളടക്കം ഫോട്ടോ എടുക്കാൻ എത്തിയവരെ ആരുടെയും നിരാശരാക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം അടുത്ത കുടുംബയോഗത്തിലേക്ക്. മൂന്നാംഘട്ട സ്‌ഥാനാർഥി പര്യടനത്തിലാണ് സുരേഷ്‌ഗോപി. രാവിലെ ശക്തൻ മാർക്കറ്റിൽ നിന്നാണ് പ്രചാരണം തുടങ്ങിയത്. പന്ത്രണ്ടോളം കടുംബയോഗങ്ങളിലാണ് സ്‌ഥാനാർഥി പങ്കെടുത്തത്.

ഇടയ്ക്ക് നഴ്‌സിംഗ് കോളെജ് സന്ദർശിക്കാനും മണ്ണുത്തി സർവകലാശാല, സീതാറാം നെടുപുഴ, ചെന്നായിപ്പാറ ആശ്രമം എന്നിവ സന്ദർശിക്കാനും സ്‌ഥാനാർഥി സമയം കണ്ടെത്തി. രാത്രി വൈകി മരത്താക്കരയിൽ കുടുംബയോഗത്തിൽ പങ്കെടുത്ത് പ്രചാരണം അവസാനിപ്പിക്കുമ്പോഴും സ്‌ഥാനാർഥി ഊർജസ്വലനായിരുന്നു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com