ജനഹിതം ഇന്ന്; മധ്യകേരളം ആരെ പിന്തുണയ്ക്കും

ബിജെപിയാകട്ടെ എല്ലാ മണ്ഡലത്തിലും മുന്നേറാൻ കഴിയുമെന്ന ശുഭ പ്രതീക്ഷയിലുമാണ്
ജനഹിതം ഇന്ന്; മധ്യകേരളം ആരെ പിന്തുണയ്ക്കും

#ജിബി സദാശിവൻ

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാട് ഇന്ന് വിധിയെഴുതാനിരിക്കെ എല്ലാ കണ്ണുകളും മധ്യകേരളത്തിലേക്ക്. വിവിധ മത സാമുദായിക സംഘടനകൾക്ക് നിർണായക സ്വാധീനമുള്ള മധ്യകേരളത്തിലെ ജയപരാജയങ്ങൾ എല്ലാ മുന്നണികളും കൗതുകത്തോടെയാണ് നോക്കുന്നത്. സാമുദായിക സംഘടനകളും സഭാ നേതൃത്വങ്ങളും പരസ്യമായി ആർക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടിയൊഴുക്കുകൾ ശക്തം.

വോട്ടെടുപ്പിന്‍റെ തലേദിവസം പോലും സഭാ നേതൃത്വങ്ങളുടെയും സാമുദായിക സംഘടനകളുടെയും പിന്തുണ ഉറപ്പാക്കാൻ സ്‌ഥാനാർഥികളും രാഷ്‌ട്രീയ നേതൃത്വവും എല്ലാ അടവുകളും പയറ്റി. സർക്കാർ വിരുദ്ധ ജനവികാരമാണ് ഇടതുമുന്നണിയെ കുഴയ്ക്കുന്നതെങ്കിൽ കഴിഞ്ഞ കാലങ്ങളിലൊക്കെ ശക്തമായി മുന്നണിക്കൊപ്പം അടിയുറച്ചു നിന്ന പല മത, സാമുദായിക സംഘടനകൾക്കും ഇപ്പോൾ പഴയത് പോലെ താത്പര്യമില്ല എന്നതാണ് യുഡിഎഫിനെ അലട്ടുന്നത്.

ബിജെപിയാകട്ടെ എല്ലാ മണ്ഡലത്തിലും മുന്നേറാൻ കഴിയുമെന്ന ശുഭ പ്രതീക്ഷയിലുമാണ്. പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളാണ് മധ്യകേരളത്തിൽ ഉൾപ്പെടുന്നത്. പക്ഷേ പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളിലെ രാഷ്‌ട്രീയ സ്‌ഥിതി മധ്യകേരളത്തെയും സ്വാധീനിക്കാറുണ്ട്. കനത്ത പാലക്കാടൻ ചൂടിൽ പ്രചാരണത്തിനും ഉണ്ടായിരുന്നു വാശി. സംസ്‌ഥാനത്തു ബിജെപിക്ക് ഏറെ വളക്കൂറുള്ള മണ്ണാണിത്. നിലവിലെ എംപി കോൺഗ്രസിലെ വി.കെ ശ്രീകണ്ഠൻ വിജയപ്രതീക്ഷയിൽ തന്നെയാണുള്ളത്. ഇവിടെ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷ.

തൃശൂരിൽ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. തുടക്കത്തിൽ എൻഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപിക്ക് മുൻതൂക്കമുണ്ടായിരുന്നെങ്കിലും യുഡിഎഫിനായി കെ. മുരളീധരന്‍റെ വരവോടെ ചിത്രം മാറിമറിഞ്ഞു. എൽഡിഎഫിനായി മത്സരിക്കുന്ന വി.കെ. സുനിൽകുമാറിന് മണ്ഡലത്തിലുള്ള സ്വാധീനം പ്രധാന ഘടകമാണ്. മൂന്ന് മുന്നണികളും ഇവിടെ ഒരേ പോലെ വിജയപ്രതീക്ഷയിലാണ്. പക്ഷെ തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദം ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇടതുപക്ഷം. ലീഡറുടെ തട്ടകത്തിൽ മറിച്ചൊരു വിധിയെഴുത്ത് ഉണ്ടാകില്ലെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് കോൺഗ്രസും കെ. മുരളീധരനും. വിജയം ഉറപ്പിച്ചാണ് സുരേഷ് ഗോപിയുടെ കൊട്ടിക്കലാശം നടന്നത്.

ചാലക്കുടിയിൽ ബിഡിജെഎസ് സ്‌ഥാനാർഥിയുടെ സാന്നിധ്യം ഇരു മുന്നണികളും ഭയക്കുന്നുണ്ട്. എസ്എൻഡിപി യോഗം നേതാവ് കൂടിയായ ഉണ്ണികൃഷ്ണൻ മത്‌സരരംഗത്തിറങ്ങിയത് ഇരുമുന്നണികൾക്കും വോട്ടു ചോർച്ചയുണ്ടാക്കിയേക്കും. നിലവിലെ എംപിയായ ബെന്നി ബഹനാന്‍റെ പ്രവർത്തന മികവിൽ യുഡിഎഫ് പ്രതീക്ഷ പുലർത്തുമ്പോൾ പ്രൊഫ. സി. രവീന്ദ്രനാഥ് എന്ന സ്‌ഥാനാർഥിയുടെ മികവിലാണ് ഇടത് പ്രതീക്ഷ. മണ്ഡലത്തിലെ യുഡിഎഫ് അനുകൂല ചായ്‌വ് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.

എറണാകുളത്തെ ഫലത്തെ കുറിച്ച് കോൺഗ്രസിനോ യുഡിഎഫിനോ ആശങ്കകളേതുമില്ല. ഹൈബി ഈഡൻ കോട്ട കാക്കുമെന്ന് തന്നെയാണ് യുഡിഎഫ് ക്യാംപിന്‍റെ ആത്മവിശ്വാസം. എങ്കിലും സിപിഎം വനിതാ നേതാവ് കെ.ജെ. ഷൈനും ബിജെപി ഉപാധ്യക്ഷൻ ഡോ. കെ.എസ്. രാധാകൃഷ്ണനും ഹൈബിക്ക് ശക്തമായ വെല്ലുവിളി ഉയർത്തിയാണ് പ്രചാരണം നടത്തിയത്. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലൂടെയായിരുന്നു ബിജെപി പ്രവർത്തനം. ഇടതുമുന്നണിയാകട്ടെ കരുത്തനായ പി. രാജീവ് അടക്കമുള്ള ഒട്ടേറെ പരീക്ഷണം പരാജയപ്പെട്ട രാഷ്‌ട്രീയ സാഹചര്യത്തിൽ നിന്ന് എന്തെങ്കിലും മാറ്റം ഉണ്ടാക്കാൻ കഴിയുമോയെന്ന പരീക്ഷണത്തിലാണ്.

കോട്ടയത്ത് തോമസ് ചാഴിക്കാടന് തുടക്കത്തിൽ മേൽക്കൈ ഉണ്ടായിരുന്നെങ്കിലും എൻഡിഎ സ്‌ഥാനാർഥിയായി തുഷാർ വെള്ളാപ്പള്ളി ഇറങ്ങിയതോടെ പ്രതീക്ഷ മങ്ങി. എസ്എൻഡിപി യോഗത്തിനു ശക്തമായ സംഘടനാ സ്വാധീനമുള്ള കോട്ടയത്ത് ഇടത് അനുകൂല വോട്ടുകൾ ബഹുഭൂരിപക്ഷവും തുഷാർ പിടിക്കുമെന്നത് ഇടതുമുന്നണിക്ക് തിരിച്ചടിയാണ്. എൻഎസ്എസിന്‍റെ പരോക്ഷമായ യുഡിഎഫ് അനുകൂല നിലപാടും സഭാ നേതൃത്വങ്ങളുടെ നിലപാടും ഇവിടെ ഫ്രാൻസിസ് ജോർജിന് അനുകൂലമായി വന്നേക്കാം.

ഇടുക്കിയിൽ കർഷക പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധിനിക്കുന്നതാണ് കഴിഞ്ഞ നാളുകളിലൊക്കെ കണ്ടു വന്നത്. ജോയ്‌സ് ജോർജ് പ്രചാരണത്തിൽ ബഹുദൂരം മുന്നിലായിരുന്നു. എങ്കിലും യുഡിഎഫ് സ്‌ഥാനാർഥി നിലവിലെ എംപി ഡീൻ കുര്യാക്കോസ് വീണ്ടും വിജയിക്കും എന്ന് തന്നെയാണ് യുഡിഎഫ് ക്യാംപ് വിശ്വസിക്കുന്നത്. എൻഡിഎ സ്‌ഥാനാർഥി സംഗീത വിശ്വനാഥനും മികച്ച മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്.

പത്തനംതിട്ടയിലും ആലപ്പുഴയിലും മൂന്ന് സ്‌ഥാനാർഥികളും ശക്തമായ പ്രചാരണമാണ് നടത്തിയത്. പത്തനംതിട്ടയിൽ സഭാ വോട്ടുകളും എൻഎസ്എസ് വോട്ടുകളും ഫലത്തെ സ്വാധീനിച്ചേക്കാം. ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ ഒരു പടി മുന്നിലാണെങ്കിലും ശോഭാ സുരേന്ദ്രൻ ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. അമിത് ഷാ നേരിട്ടെത്തി ഇവിടെ പ്രചാരണം നടത്തുകയും ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com