സർക്കാരിന് ആശ്വാസം, നിലപാടിൽ മാറ്റമില്ല
എം.ബി. സന്തോഷ്
തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വിനിയോഗം ലോകായുക്തയുടെ പരിധിയിൽ വരുമോ എന്ന് ഫുൾ ബെഞ്ച് പരിഗണിക്കാനുള്ള തീരുമാനം സർക്കാരിന് ആശ്വാസം. എന്നാൽ, ഇക്കാര്യത്തിൽ ഇനിയും നിലപാട് മാറ്റമില്ലാതെ തുടരാനാണ് സർക്കാർ തീരുമാനം.
മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ചോദ്യം ചെയ്യാൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സർക്കാർ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്നുവെന്ന് ആരോപിക്കുന്ന ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗത്തിൽ നിലവിലുള്ള എൽഡിഎഫ് സർക്കാരിനെതിരെ നിയമപരമായി നടപടിയെടുക്കാനാവില്ലെന്ന നിയമോപദേശമാണ് നിയമവിദഗ്ധരിൽ നിന്നുണ്ടായത്.
ലോകായുക്ത കഴിഞ്ഞ എൽഡിഎഫ് സർക്കാരിലെ മന്ത്രിയായിരുന്ന ഡോ. കെ.ടി. ജലീലിനെതിരെ നടത്തിയ വിധി നീതിയുക്തമാണെന്ന് എൽഡിഎഫ് നേതൃത്വം അംഗീകരിച്ചിരുന്നില്ല. ആ കേസിൽ ജലീലിനെ ലോകായുക്ത വിസ്തരിക്കുകയോ തെളിവുകൾ ഹാജരാക്കാൻ അനുവദിക്കുകയോ ചെയ്യാതെ സ്വാഭാവിക നീതിയുടെ ലംഘനമുണ്ടായി എന്ന് എൽഡിഎഫ് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടി. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് യുഡിഎഫിനുവേണ്ടി തയാറാക്കിയ "ബോംബാ'യിരുന്നു അതെന്നും എന്നാൽ ജലീലിന്റെ അഭിഭാഷകന്റെ ഇടപെടൽ കൊണ്ട് അത് പ്രയോഗിക്കാനായില്ല എന്നുമായിരുന്നു പ്രചാരണം. അതുകൊണ്ടാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ പല്ലും നഖവും ഉപയോഗിച്ച് ജലീൽ പരസ്യമായി എതിർത്തിട്ടും അതിൽ ചെറുവിരലനക്കാൻ പോലും എൽഡിഎഫ് തയാറാകാത്തത്. ആ പ്രയോഗങ്ങൾക്കെതിരെ ജസ്റ്റിസ് സിറിയക് ജോസഫിനെക്കൊണ്ട് നിയമ നടപടികൾക്ക് ജലീൽ വെല്ലുവിളിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.
ജലീലിനെതിരെയുള്ള വിധിയാണ് ലോകായുക്ത നിയമത്തിലെ "അപ്പീൽ പോരായ്മ' സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. തുടർന്നുള്ള ഓർഡിനൻസിൽ സിപിഐയ്ക്ക് വിയോജിപ്പുണ്ടായിരുന്നെങ്കിലും നിയമനിർമാണ സമയത്ത് വഴങ്ങുകയായിരുന്നു. നിയമസഭാ ഭൂരിപക്ഷം ഉപയോഗിച്ച് കോടതി വിധിയെ മറികടക്കുന്നത് ഉചിതമല്ലെന്ന അഭിപ്രായമുള്ള ഇടതു നേതാക്കളിൽ പലരും ലോകായുക്ത വിധിക്ക് ഹൈക്കോടതിയിൽ അപ്പീലിനുള്ള വ്യവസ്ഥ കൊണ്ടുവരണമെന്നാണ് ആവശ്യപ്പെട്ടത്.
ലോകായുക്തയുടെ അധികാരത്തിനു വേണ്ടി അന്ന് നിയമസഭയിൽ വാദിച്ച പ്രതിപക്ഷം ജലീലിന്റെ വാദത്തെ ശരിവയ്ക്കുന്നത് ഇന്നലെ കണ്ടു. ലോകായുക്ത "ഡീലി'ന് വഴങ്ങി എന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ "പച്ചയ്ക്ക്' പറഞ്ഞപ്പോൾ നിയമപരമായ ഒരു പശ്ചാത്തലവും ഇല്ലാത്ത വിധിയാണ് പുറത്തുവന്നിരിക്കുന്നത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആക്ഷേപം.