

രാഗം തിയെറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച കേസ്; ചലചിത്ര നിർമാതാവിനെതിരേ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി
file image
തൃശൂർ: തൃശൂരിലെ രാഗം തിയെറ്റർ നടത്തിപ്പുകാരൻ സുനിലിനെ ആക്രമിച്ച കേസിൽ പ്രതിയും ചലചിത്ര നിർമാതാവുമായ റാഫേലിനെതിരേ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. പ്രവാസി വ‍്യവസായി കൂടിയായ റാഫേലിന്‍റെ വസതിയിൽ പൊലീസ് പരിശോധന നടത്തിവരുകയാണ്.
സുനിലുമായുള്ള സാമ്പത്തിക തർക്കത്തിൽ റാഫേൽ ക്വട്ടേഷൻ കൊടുത്തതതായാണ് പൊലീസിന്‍റെ കണ്ടെത്തൽ. റാഫേൽ ഇന്ത‍്യയിൽ വിമാനമിറങ്ങിയാൽ പിടികൂടാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. തന്നെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് റാഫേലാണെന്ന് സുനിൽ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് വെളപ്പായയിലെ സുനിലിന്‍റെ വീടിന് മുന്നില്‍ വെച്ച് ക്വട്ടേഷന്‍ ആക്രമണം ഉണ്ടായത്. കാറില്‍ വന്ന് ഗേറ്റ് തുറക്കാനിറങ്ങുന്നതിനിടെ ആദ്യം ഡ്രൈവറെയും പിന്നീട് സുനിലിനെയും ആയുധധാരികളായ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. വെട്ടിപ്പരുക്കേല്‍പ്പിച്ചശേഷം തീകൊളുത്തിക്കൊല്ലാനാണ് ശ്രമിച്ചതെന്നായിരുന്നു സുനിലിന്‍റെ മൊഴി.