
മലപ്പുറം: പരപ്പനങ്ങാടിയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ ആലംമൂട്ടിൽ വാടക വീട്ടിൽ താമസിക്കുന്ന കൊല്ലം സ്വദേശി അരുൺ കുമാർ (41) ആണ് മരിച്ചത്.
ലോറിക്കുള്ളിൽ കുടുങ്ങിയ അരുൺകുമാറിനെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ പരുക്കേറ്റ രണ്ടു പേരെ സ്വകാര‍്യ ആശുപത്രിയിലേക്ക് മാറ്റി. പുത്തൻപീടിക അൻസി മോട്ടോഴ്സിന് സമീപം വ‍്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.
കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പൈനാപ്പിളുമായി വന്ന ലോറിയും കണ്ണൂരിൽ നിന്ന് തിരൂരിലേക്ക് ചെങ്കല്ല് കയറ്റി വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.