ലോറിക്ക് അർജുന്‍റെ പേര് തന്നെ ഇടും; ആരോപണങ്ങൾ നിഷേധിച്ച് ലോറി ഡ്രൈവർ മനാഫ്
കോഴിക്കോട്: അർജുന്‍റെ കുടൂംബം ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് ലോറി ഡ്രൈവർ മനാഫ്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും അർജുന്‍റെ പേരിൽ ഫണ്ട് പിരിച്ചിട്ടില്ലെന്നും മനാഫ് മാധ‍്യമങ്ങളോട് പറഞ്ഞു. 'അർജുന്‍റെ കുടുബം പറഞ്ഞത് കേട്ടിട്ടില്ല. എന്നെ നിങ്ങൾക്ക് വിശ്വസിക്കാം. ഞാൻ എവിടെ നിന്നെങ്കിലും ഫണ്ട് പിരിച്ചതായി കണ്ടെത്തിയാൽ മാനാഞ്ചിറ സ്ക്വയറിന് മുൻപിൽ വന്ന് നിൽകാം. നിങ്ങൾക്ക് എന്നെ കല്ലെറിഞ്ഞ് കൊല്ലാം.
ഞാൻ ഒരിക്കലും അങ്ങനെ ഒരു കാര‍്യം ചെയ്തിട്ടില്ല. മനാഫ് ഒരു രണ്ടായിരം രൂപ കൊണ്ടുപോയി കൊടുക്കുന്ന ആളായി നിങ്ങൾക്ക് തോന്നുണ്ടോ? എന്താ അവർ അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ഞാൻ യൂട‍്യൂബ് ചാനൽ തുടങ്ങിയത് ഗംഗാവലി പുഴയുടെ തീരത്ത് എന്താ നടക്കുന്നതെന്ന് ജനങ്ങളെ അറിയിക്കാനാണ്. അർജുന്‍റെ വിഷയത്തിന് ശേഷം ഞാൻ ഒന്നും അതിൽ സംസാരിച്ചിട്ടില്ല. ഇനി ഞാൻ ആ യൂട‍്യൂബ് ചാനൽ സജീവമാക്കും ആരുടെയും തറവാട് സ്വത്ത് എടുത്തിട്ടല്ല അത് തുടങ്ങിയത്.
ഇത് എന്‍റെ യൂട‍്യൂബ് ചാനലാണ്.ഞാൻ എന്‍റെ ലോറിക്ക് അർജുൻ എന്ന് തന്നെ പേരിടും എനിക്ക് ആരേയും പേടിയില്ല ഞാൻ വേറെ ലെവലാണ്. വൈകാരികത വെച്ചിട്ട് തന്നെയാണ് ജനഹൃദയങ്ങളിലേക്ക് അർജുൻ എത്തിയത്. എന്‍റെ കുടൂംബമായി അവരെ കണ്ടതിൽ എന്താണ് തെറ്റ്. അർജുന്‍റെ അമ്മ എന്‍റെ അമ്മയാണ് ഇപ്പോൾ തള്ളിപറഞ്ഞാലും എനിക്ക് അവരെ ഒഴിവാക്കാനാകില്ല. ഇനിയും ഞാൻ എന്‍റെ ജോലിക്കാരുടെ ഒപ്പമുണ്ടാകും.
20 ദിവസം മുൻപാണ് യൂട‍്യൂബ് ചാനൽ തുടങ്ങിയത് അങ്ങനെ യൂട‍്യൂബ് ചാനൽ തുടങ്ങുന്നത് തെറ്റാണോ?. ഞാൻ എന്‍റെ ഇഷ്ട്ടത്തിന് എന്തും ചെയ്യും'. മനാഫ് വിശദീകരിച്ചു. ഷിരൂരിൽ തെരച്ചിൽ നടക്കുമ്പോൾ അർജുന്‍റെ കുടുംബത്തിന്‍റെ ഫോൺ എടുത്തില്ലെന്ന ആരോപണം കളവാണെന്നും കുടംബത്തിന്‍റെ ആരോപണം എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും മനാഫ് പറഞ്ഞു.