

പാലക്കാട് വെള്ളം നിറഞ്ഞ ക്വാറിയിലേക്ക് ലോറി മറിഞ്ഞു; ഡ്രൈവറെ കാണാതായി
പാലക്കാട്: വെള്ളം നിറഞ്ഞ ക്വാറിയിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവറെ കാണാതായി. പാലക്കാട് കറുകപുത്തൂരിൽ വ്യാഴാഴ്ചയാണ് സംഭവം.
ചാന്തന്നൂർ സ്വദേശി അബു താഹിർ ആണ് അപകടത്തിൽപ്പെട്ട ലോറി ഡ്രൈവർ. ഇയാൾ ലോറിയുടെ കാബിനിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് സംശയം. പ്രവർത്തനരഹിതമായ ക്വാറിയിൽ മണൽ ഇറക്കാനാണ് ലോറിയുമായി ഇയാൾ എത്തിയത്. ലോറി പിന്നോട്ട് എടുക്കുന്നതിനിടെ വാഹനം ക്വാറിയുടെ അരികിൽ എത്തുകയും താഴേക്ക് മറിയുകയുമായിരുന്നു.
15 അടിയിലധികം വെള്ളമുള്ളതാണ് ക്വാറി. നിശ്ചിത സമയം കഴിഞ്ഞിട്ടും ലോറി തിരികെ എത്താതെ വന്നതോടെ സ്ഥലത്തുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രത്തിന്‍റെ ഓപ്പറേറ്റർ തെരച്ചിൽ നടത്തിയപ്പോഴാണ് ക്വാറിക്കുള്ളിൽ വാഹനം വീണുകിടക്കുന്നത് കണ്ടത്. തുടർന്ന് പട്ടാമ്പി അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. അഗ്നിരക്ഷാസേനാംഗങ്ങൾ എത്തിയപ്പോഴേക്കും ലോറി പൂർണമായി വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞിരുന്നു.
അതിനാൽ തുടക്കത്തിൽ വാഹനം കാണാൻ സാധിച്ചില്ല. തുടർന്ന് സ്കൂബാ ഡൈവർമാർ എത്തി മുങ്ങിക്കിടക്കുന്ന വാഹനം കണ്ടെത്തുകയായിരുന്നു. എന്നാൽ ഡ്രൈവർ ലോറിയുടെ ഉള്ളിൽ ഉണ്ടോയെന്ന കാര്യം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. നിലവിൽ ക്രെയിനിന്‍റെ സഹായത്തോടെ ലോറി പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.