ലോറിയിൽ കെട്ടിയിരുന്ന കയർ കുരുങ്ങി കാൽനട യാത്രികൻ മരിച്ചു

മുരളിയുമായി നൂറുമീറ്ററിലധികം ലോറി മുന്നോട്ടു പോയി
മുരളി (55)
മുരളി (55)
Updated on

കോട്ടയം: പച്ചക്കറി ലോറിയിൽ നിന്ന് റോഡിലേക്ക് വീണു കിടന്ന കയർ ദേഹത്ത് കുരുങ്ങി കാൽനടയാത്രികന് ദാരുണാന്ത്യം. എം.സി റോഡിൽസംക്രാന്തി നീലിമംഗലം പാലത്തിന് സമീപം ഞായറാഴ്ച പുലർച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്.

സംക്രാന്തിയിലെ തോംസൺ ഡ്രൈ ക്ലീൻ കടയിലെ ജീവനക്കാരൻ കട്ടപ്പന അമ്പലക്കവല പാറയിൽ വീട്ടിൽ മുരളി (55) എന്നയാളാണ് മരിച്ചത്. അപകടത്തെ തുടർന്ന് മൃതദേഹത്തിൽ നിന്ന് അറ്റുപോയ കാൽ റോഡിന് മറുവശത്ത് നിന്നാണ് കണ്ടെത്തിയത്.

ലോറിയിൽ നിന്നു പുറത്തേയ്ക്കു കിടന്ന കയർ കാലിൽ കുരുങ്ങി വലിച്ചിഴച്ചു കൊണ്ടു പോയതോടെയാണ് അപകടം ഉണ്ടായത്. മുരളിയുടെ ശരീരവും വലിച്ചുകൊണ്ട് ലോറി ഏറെ ദൂരം മുന്നോട്ട് പോയി. ചവിട്ടുവരിയിലെ പച്ചക്കറിക്കടയിലേക്ക് ഏറ്റുമാനൂർ ഭാഗത്തു നിന്നും വന്നതായിരുന്നു ലോറി. അപകട സമയം ലോറി നിർത്താതെ പോയെങ്കിലും പിന്നീട് ലോറി മാറ്റിയിട്ട ശേഷം കയർ എടുക്കുന്നതിനായി എത്തിയ ലോറി ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മുരളിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഈ സമയം ബൈക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്കും കയർ കുരുങ്ങി പരുക്കേറ്റു. ഏറ്റുമാനൂർ ക്ഷേത്രത്തിൽ ദർശനത്തിനായായി പോകുകയായിരുന്ന പെരുമ്പായിക്കാട് ഇളയിടത്ത് ബിജു (50), ജോബി(45) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com