
ശാരദ ടീച്ചർ സഹസ്രദളപത്മത്തിനരികിൽ
കോതമംഗലം: ഒരാഴ്ചയ്ക്കിടെ രണ്ട് അപൂർവ്വ സഹസ്രദളപത്മങ്ങൾ (ആയിരമിതളുള്ള താമര) വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ വിരിഞ്ഞ സന്തോഷത്തിലാണ് പെരുമ്പാവൂർ, കൂവപ്പടി മദ്രാസ് കവലയ്ക്കടുത്ത് ലക്ഷ്മി ഭവനിൽ കെ.കെ. ശാരദക്കുഞ്ഞമ്മ ടീച്ചർ. വിരിഞ്ഞ രണ്ടു പൂവുകൾക്കും ചുവപ്പു നിറമായിരുന്നു. വേങ്ങൂർ മാർ കൗമ ഹൈസ്‌കൂളിൽ നിന്നും സംഗീതാധ്യാപികയായി വിരമിച്ച 80 വയസ്സുള്ള ശാരദ ടീച്ചർ തന്‍റെ പൂന്തോട്ടത്തിൽ താമരകൾക്കു കൂടി സ്ഥാനം നൽകിയിട്ട് നാലുവർഷത്തോളമായി. 2000-ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം കൃഷിയും പൂന്തോട്ടപരിപാലനവുമൊക്കെയായാണ് ടീച്ചറുടെ ജീവിതം. വെള്ളയും ചുവപ്പും നിറങ്ങളിലുള്ള സാധാരണ താമരപ്പൂക്കൾ ഇതിനും മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സഹസ്രദളപത്മം വിരിഞ്ഞത്. കേരളത്തിന്‍റെ കാലാവസ്ഥയിൽ വളരെ അപൂർവമായി മാത്രം പുഷ്പ്പിക്കുന്നവയാണ് സഹസ്രദളപത്മം.
നെലുംബോ നുസിഫെറ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ആയിരമിതളുകളുള്ള താമര ഏഷ്യൻ ലോട്ടസ് എന്ന പേരിലും അറിയപ്പെടുന്നു. അമേരിക്കൻ ലോട്ടസ് എന്ന പേരിലറിയപ്പെടുന്ന നെലുംബോ ലൂട്ടിയയും ആയിരത്തില്പരം ഇതളുകൾ വിരിഞ്ഞുവരുന്ന ഗണത്തിൽപ്പെട്ടതാണ്. മൊട്ടിട്ട് രണ്ടാഴ്ച കൊണ്ടാണ് പൂവ് വിരിയുക. വിദേശ രാജ്യങ്ങളിലെയടക്കം മറ്റ് സ്ഥലങ്ങളിലെ കാലാവസ്ഥയിൽ വളർന്ന് പുഷ്പിക്കുന്ന ഇവയെ വളർത്തി പരിപാലിച്ചെടുക്കുകയെന്നത് ഏറെ ശ്രമകരമായ പണിയാണ്. വയലിൽ നിന്നെടുക്കുന്ന ചെളിയിൽ വിത്തു പാകി മുളപ്പിച്ചും തൈകൾ വാങ്ങി നട്ടും ടീച്ചർ പരീക്ഷണങ്ങൾ പലതും നടത്തിയത്തിനൊടുവിലാണ് ഇത്തവണ വീട്ടുമുറ്റത്ത് ഈ വിസ്മയപത്മം വിടർന്നത്. സൂര്യപ്രകാശം നേരിട്ടു കിട്ടുന്നയിടങ്ങളിൽ വിരിയുന്ന താമരകൾക്ക് കാന്തിയേറുമെന്ന് ശാരദ ടീച്ചർ പറഞ്ഞു. പ്ലാസ്റ്റിക് ബേസിനിൽ നട്ടിട്ടുള്ള താമരകൾക്ക് ചാണകപ്പൊടിയും എല്ലുപൊടിയും മാത്രമെ വളമായി നൽകിയിരുന്നുള്ളൂ. ചിലയിനം സഹസ്രദളപത്മത്തിൽ 800 മുതല്‍ 1600 വരെ ഇതളുകള്‍ ഉണ്ടാകും.
വിരിഞ്ഞ് രണ്ടു ദിവസത്തിനുള്ളില്‍ ഇതളുകള്‍ കൊഴിഞ്ഞു തുടങ്ങും. ലക്ഷ്മീദേവിയുടെ ഇരിപ്പിടമായി പുരാണങ്ങളിൽ പറയുന്ന താമര വീട്ടുമുറ്റത്ത് വിരിയുന്നത് സർവ്വൈശ്വര്യമായാണ് ഹൈന്ദവ വിശ്വാസം. ആദ്യമായുണ്ടായുണ്ടായ സഹസ്രദളപത്മം ശാരദ ടീച്ചർ ചേലാമറ്റം കോട്ടയിൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിലേയ്ക്ക് സമർപ്പിക്കുകയാണ് ചെയ്തത്. കേരളത്തിലെ ചൂടും മഴയും കലർന്ന അന്തരീക്ഷം ആയിരമിതളുള്ള താമരയ്ക്ക് അനുയോജ്യമല്ല എന്നൊരു വിലയിരുത്തലായിരുന്നു ഇക്കാലമത്രയും. പക്ഷെ ഈയടുത്തകാലത്തായി കേരളത്തിൽ പലയിടങ്ങളിലും ഈ താമര വിരിഞ്ഞുകാണുന്നുണ്ട്. അതിനുകാരണം ഒരുപക്ഷെ കാലാവസ്ഥയിൽ വന്ന വ്യതിയാനങ്ങളായിരിക്കാം എന്നും ടീച്ചർ പറഞ്ഞു.