നാട്ടാനകളെ കിട്ടാനില്ല; ഉത്സവപ്രേമികൾ ആശങ്കയിൽ

കേരളത്തിലുള്ളത് 423 നാട്ടാനകൾ, എഴുന്നള്ളിപ്പിനു കിട്ടുന്നത് പരമാവധി 200 എണ്ണത്തെ
Thrissur Pooram
Thrissur PooramFile photo

തൃശൂർ: മധ്യകേരളത്തിലെ ഉത്സവ സീസൺ തുടങ്ങാനിരിക്കേ നാട്ടാനകളുടെ കുറവ് എഴുന്നെള്ളിപ്പിന് കടുത്ത പ്രതിസന്ധിയാകും. ആനകളുടെ ക്ഷാമം പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചുള്ള ആലോചനയിലാണ് ഉത്സവ കമ്മിറ്റി ഭാരവാഹികൾ. ആനകളെ കൈമാറ്റം ചെയ്യാനുള്ള നിയമത്തിൽ ഭേദഗതി നടപ്പായെങ്കിലും ആനകളെ കൊണ്ടുവരാനുള്ള നടപടി ക്രമങ്ങൾ ഇതുവരെയും പൂർത്തിയായിട്ടില്ലാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.

കേരളത്തിൽ നാട്ടാനകളുടെ എണ്ണം ഓരോ വർഷവും കുറഞ്ഞു വരുകയാണ്. പ്രായാധിക്യം, അനാരോഗ്യം, എരണ്ടക്കെട്ട്, പാദരോഗം എന്നിവയാണ് നാട്ടാനകളുടെ എണ്ണം കുറയാനിടയാക്കുന്നത്. ഇതിന് ബദലായി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എഴുന്നെള്ളിപ്പുകൾക്ക് ആനയെ കൊണ്ടു വരാൻ അനുവാദമുള്ളത് ഉത്സവ കമ്മിറ്റികൾക്ക് ഏറെ ആശ്വാസമായിരുന്നു. നിലവിൽ കൊമ്പന്മാരും പിടിയാനകളുമടക്കം 423 നാട്ടാനകളാണ് കേരളത്തിലുള്ളത്. ഇതിൽ ഗുരുവായൂർ, കൊച്ചിൻ ദേവസ്വം ബോർഡുകളുടെ ആനകളും പിടിയാനകളും ഒഴിച്ചാൽ വളരെ കുറച്ച് ആനകളെയാണ് എഴുന്നെള്ളിപ്പിന് ലഭിക്കൂവെന്ന് ഉത്സവ കമ്മിറ്റികൾ പറയുന്നു.

പല ആനകളും നീരിലാകുന്നതോടെ ശരാശരി 180നും 200നും ഇടയിലുള്ള ആനകളെ മാത്രമേ എഴുന്നെള്ളിപ്പിന് കിട്ടുകയുള്ളൂ. എണ്ണം കുറവായതിനാൽ നിലവിൽ ലഭ്യമായ ആനകൾക്ക് ഉത്സവക്കാലത്ത് വിശ്രമമില്ലാതെ എഴുന്നെള്ളിപ്പുകളിൽ പങ്കെടുക്കേണ്ടി വരും. ഇത് ആനകളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. ലഭ്യമായ ആനകളെ ഉത്സവ കമ്മിറ്റി ഭാരവാഹികൾ ഇപ്പോഴേ ബുക്ക് ചെയ്ത് കഴിഞ്ഞു. ഗുരുവായൂർ ദേവസ്വത്തിന് 41 ആനകളുണ്ടെങ്കിലും പകുതിയോളം ഗജവീരന്മാരെ എഴുന്നെള്ളിപ്പിന് നൽകുന്നില്ല.

കൊച്ചിൻ ദേവസ്വം ബോർഡിന് 6 ആനകൾ മാത്രമാണുള്ളത്. ദേവസ്വത്തിന്‍റെ സ്വന്തം ക്ഷേത്രങ്ങളിലെ ചടങ്ങ് നടത്താൻ പുറത്ത് നിന്ന് ആനകളെ കൊണ്ടുവരേണ്ട സ്ഥിതിയാണ്. കേരളത്തിൽ ഇപ്പോഴുള്ള നാട്ടാനകളിൽ നല്ലൊരുപങ്കും 40 വയസ് പിന്നിട്ടവയാണ്, നാട്ടാനകളിൽ പ്രായമേറുന്തോറും പലതരം ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇവ നാട്ടാനകളുടെ ജീവനെടുക്കുകയാണെന്ന് ആന ചികിത്സകർ പറയുന്നു. 2018ൽ വനം വകുപ്പിന്‍റെ കണക്കനുസരിച്ച് 521 നാട്ടാനകൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴിത് 423 ആയി ചുരുങ്ങി.

കേന്ദ്ര വനം വകുപ്പ് മന്ത്രാലയം തമിഴ്നാട്ടിൽ അടുത്തിടെ യോഗം വിളിച്ചിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു. കേരളത്തിൽ നിന്ന്10 പേർ യോഗത്തിൽ പങ്കെടുക്കും. എന്നാൽ അടുത്ത തിയതി ഇതുവരെയും അറിയിച്ചിട്ടില്ല. നൂറോളം ആനകളെയങ്കിലും കൊണ്ടുവരാൻ ആവശ്യപ്പെടാനാണ് കേരളത്തിൽ നിന്നുള്ള പ്രതിനിധികളുടെ തീരുമാനം. യോഗത്തിൽ ഈ ആവശ്യം ഉന്നയിച്ച് അധികൃതരുടെ അനുമതി വാങ്ങാമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com