

കേരളത്തിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും. ആന്‍ഡമാന്‍ കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്‍റെ സ്വാധീനഫലമായി നാളെ മുതല്‍ മഴ സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഞായറാഴ്ച മൂന്നു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
തെക്കന്‍ ആന്‍ഡമാന്‍ കടലിലും സമീപപ്രദേശങ്ങളിലുമായാണ് ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചത്. വരും മണിക്കൂറുകളില്‍ ഇതു പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി തെക്കന്‍ ആന്‍ഡമാന്‍ കടലിലും സമീപത്തെ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ക്ക് മുകളിലുമായി ശക്തി കൂടിയ ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.