

എസ്. വളർമതി
തിരുവനന്തപുരം: എൽപിഎസ്ടി സമരത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് റാങ്ക് ഹോൾഡേഴ്സ് സമരസമിതി സെക്രട്ടറി എസ്. വളർമതി. നീതിക്കു വേണ്ടിയാണ് സമരം നടത്തുന്നതെന്നു പറഞ്ഞ അവർ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി.
ലിസ്റ്റിലെ ഒന്നാം റാങ്കുകാരന് പോലും ജോലി ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും എച്ച്ടിവി തസ്തികകളിലെ ജില്ലാ അടിസ്ഥാനത്തിലുള്ള ഒഴിവുകളുടെ കണക്ക് പുറത്തുവിടണമെന്നും വളർമതി ആവശ്യപ്പെട്ടു.
എയ്ഡഡ് മേഖലയിലെ അധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെമന്നും രണ്ടുവർഷത്തെ റിട്ടയർമെന്റ് ഒഴിവുകൾ ലിസ്റ്റിലുള്ളവർക്ക് ഉറപ്പുനൽകിയാൽ സമരം അവസാനിപ്പിക്കാമെന്നും വളർമതി പറഞ്ഞു.
അധ്യാപക- വിദ്യാർഥി അനുപാതം കുറയ്ക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വളർമതി അടക്കമുള്ളവർ സമരം നടത്തിവരുന്നത്. അധ്യാപക-വിദ്യാർഥി അനുപാതം നിലവിൽ നടത്താൻ സാധിക്കില്ലെന്ന നിലപാടിലാണ് സർക്കാർ.