''ഒരു തരത്തിലുള്ള ചികിത്സയും സ്വീകരിക്കില്ല, ജീവൻ നഷ്ടമാകുകയാണെങ്കിൽ സമര പന്തലിൽ തന്നെ ആയിക്കൊള്ളട്ടെ''; എസ്. വളർമതി

ഏറെ ദിവസങ്ങളായി നിരാഹാര സമരം നടത്തിവരുന്നതിനെത്തുടർന്ന് തന്‍റെ ആരോഗ‍്യസ്ഥിതി മോശമായി വരുകയാണെന്നും അവർ പറഞ്ഞു
LPST rank holder leader threatens fast unto death, holds CM, Edu Minister responsible for health

എസ്. വളർമതി

file image

Updated on: 

തിരുവനന്തപുരം: തന്‍റെ ആരോഗ‍്യനില വഷളായാൽ അതിന് ഉത്തരവാദി മുഖ‍്യമന്ത്രി വി.ഡി. സതീശനും വിദ‍്യാഭ‍്യാസ മന്ത്രി എൻ. ഷംസുദ്ദീനുമായിരിക്കുമെന്ന് എൽപിഎസ്ടി സമരസമിതി സെക്രട്ടറി എസ്. വളർമതി. ഏറെ ദിവസങ്ങളായി നിരാഹാര സമരം നടത്തിവരുന്നതിനെത്തുടർന്ന് തന്‍റെ ആരോഗ‍്യസ്ഥിതി മോശമായി വരുകയാണെന്നും അവർ പറഞ്ഞു. ഇനി താൻ ഒരുതരത്തിലുമുള്ള ചികിത്സയും സ്വീകരിക്കില്ലെന്നും തന്‍റെ ജീവൻ നഷ്ടമാകുകയാണെങ്കിൽ സമര പന്തലിൽ തന്നെ ആയിക്കൊള്ളട്ടെയെന്നും വളർമതി കൂട്ടിച്ചേർത്തു.

പ്രതിഷേധിക്കുന്നവരുടെ ദുരാവസ്ഥയോട് അധികാരത്തിലിരിക്കുന്നവർക്ക് യാതൊരു പരിഗണനയില്ലെന്നും എൽപിഎസ്ടി സമരസമിതി സെക്രട്ടറി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിരുന്നപ്പോൾ എൽഎപിഎസ്ടി സമരത്തോട് താത്പര‍്യം കാണിച്ചിരുന്ന യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ നിലപാട് മാറ്റിയെന്നും പ്രതിപക്ഷത്തായിരുന്നെങ്കിൽ മാത്രമെ അവർ സഹതാപം കാണിക്കുമായിരുന്നുള്ളൂയെന്നും വളർമതി പറഞ്ഞു.

ജീവിത സാഹചര‍്യം മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ സാധാരണക്കാരായവർ മത്സരപ്പരീക്ഷകൾ എഴുതുകയും ജോലിക്കു വേണ്ടി കാത്തിരിക്കുന്നുവെന്നും എന്നാൽ‌ പണമുള്ളവർക്ക് ജോലി ലഭിക്കുന്നുവെന്നും ഉദ‍്യോഗാർഥികൾക്ക് നീതി നിഷേധിക്കപ്പെടുന്നുവെന്നും വളർമതി ആരോപിച്ചു. മന്ത്രിമാരുടെ ആഡംബരങ്ങൾക്കായി സർക്കാർ ഖജനാവിൽ നിന്നും പണം ചെലവാക്കുന്നതിൽ അവർക്ക് പ്രശ്നമില്ല.

എന്നാൽ സാധാരണക്കാർക്ക് നീതി നിഷേധിക്കുകയാണ് അവർ ചെയ്യുന്നതെന്നും നീതി നിഷേധിക്കുന്ന സർക്കാരിനോട് ജനങ്ങൾക്ക് വെറുപ്പ് മാത്രമെ തോന്നുകയുള്ളൂയെന്നും വളർമതി പ്രതികരിച്ചു. വിദ‍്യാർഥി- അധ‍്യാപക അനുപാതം കുറയ്ക്കണം എന്നത് അടക്കമുള്ള ആവശ‍്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് വളർമതി അടക്കമുള്ളവർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിവരുന്നത്.