ബിജെപി കോർ കമ്മിറ്റിയിൽ പിസിയ്ക്കും ഷോണിനും കടുത്ത വിമർശനം

വോട്ടെണ്ണലിനു മുമ്പെ ക്രൈസ്തവ സഭയെയും സഭാധ്യക്ഷന്മാരെയും പരസ്യമായി അധിക്ഷേപിച്ചതിനെതിരേയാണ് വിമർശനം
 PC and Shawn face severe criticism in BJP core committee

ബിജെപി കോർ കമ്മിറ്റിയിൽ പിസിയ്ക്കും ഷോണിനും കടുത്ത വിമർശനം

Updated on

തിരുവനന്തപുരം: ബിജെപി നേതാക്കളായ പി.സി. ജോർജിനും മകൻ ഷോണിനുമെതിരേ ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ട് എണ്ണുന്നതിനു മുമ്പേ തന്നെ സഭാധ്യക്ഷന്മാരെയും ക്രൈസ്തവ സഭയെയും പരസ്യമായി അധിക്ഷേപിച്ചതാണ് ബിജെപി കോർ കമ്മിറ്റിയെ ചൊടിപ്പിച്ചത്.

കാഞ്ഞിരപ്പള്ളി ബിഷപ്പിനും ദീപിക പത്രത്തിനുമെതിരേ ഇരുവരും നടത്തിയ പരാമർശങ്ങൾ പാർട്ടിയുടെ ക്രൈസ്തവ ഔട്ട് റീച്ച് പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. സഭാ നേതൃത്വവുമായി മികച്ച ബന്ധം സ്ഥാപിക്കാൻ പാർട്ടി ശ്രമിക്കുമ്പോൾ ഇത്തരം പ്രസ്താവനകൾ തിരിച്ചടിയാകുമെന്ന് യോഗം വിലയിരുത്തി. ബിജെപി അതിന്‍റെ കടുത്ത ഹിന്ദുത്വ നിലപാടുകളിൽ മാറ്റം വരുത്തണമെന്ന ഷോണിന്‍റെ പരാമർശവും യോഗത്തിൽ ചർച്ചയായി.

ക്രൈസ്തവ വോട്ടുകൾ പാർട്ടിയിലേയ്ക്ക് ആകർഷിക്കണമെങ്കിൽ നിലപാടുകളിൽ മയപ്പെടുത്തൽ ആവശ്യമാണന്നായിരുന്നു ഷോണിന്‍റെ വാദം. എന്നാൽ ക്രൈസ്തവ വിഭാഗത്തെ പാർട്ടിയിലേയ്ക്ക് അടുപ്പിക്കാനാണ് സ്നേഹയാത്ര പോലുള്ള പരിപാടികൾ നടത്തുന്നതെന്നും അത്തരം നീക്കങ്ങൾക്കിടെ സഭാ മേലധ്യക്ഷന്മാരെ വ്യക്തിപരമായി ആക്രമിക്കുന്നത് വിഡ്ഢിത്തമാണെന്നും മുതിർന്ന നേതാക്കൾ തിരിച്ചടിച്ചു. ഇത്തരത്തിലുള്ള സമീപനം തുടർന്നാൽ എങ്ങനെ ക്രൈസ്തവ വോട്ടുകൾ കിട്ടുമെന്ന് നേതാക്കൾ ചോദിച്ചു.

കാഞ്ഞിരപ്പള്ളി ബിഷപ്പ് കോൺഗ്രസിനു വേണ്ടി വോട്ടു പിടിച്ചെന്ന പി.സി. ജോർജിന്‍റെ ആരോപണം വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെ ദീപിക പത്രത്തിനെതിരേ ഷോൺ ജോർജും രംഗത്തെത്തി. തെരഞ്ഞെടുപ്പു കാലത്ത് സഭയെ പിണക്കിയത് ഗുണകരമാകില്ലെന്ന കർശന താക്കീതാണ് സംസ്ഥാന നേതൃത്വം ഇവർക്കു നൽകിയത്. പാർട്ടിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി ഇത്തരം പ്രസ്താവനകൾ നടത്തരുതെന്ന് കോർ കമ്മിറ്റിയിൽ ധാരണയായി.

logo
Metro Vaartha
www.metrovaartha.com