

വി.കെ. മിനിമോൾ, നിജി ജസ്റ്റിൻ
കൊച്ചി: വിവാദങ്ങൾക്കിടയിൽ തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചെയ്ത നിജി ജസ്റ്റിനെ കോൺഗ്രസ് നേതാക്കൾ ഷാളണിയിച്ചും തലയിൽ കിരീടം ചൂടിയുമാണ് സ്വീകരിച്ചത്. 35വോട്ടുകൾക്കാണ് നിജി ജസ്റ്റിൻ വിജയിച്ചത്. പണം വാങ്ങിയാണ് നിജിയെ മേയറാക്കിയതെന്ന് ആരോപണം ഉന്നയിച്ച ലാലി ജെയിംസ് വോട്ട് ചെയ്യാനെത്തുമോ എന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും അനിശ്ചിതത്വം അവസാനിപ്പിച്ച് വോട്ട് ചെയ്യുകയായിരുന്നു. രണ്ട് സ്വതന്ത്ര കൗൺസിലർമാരും കോൺഗ്രസിന് വോട്ട് ചെയ്തു.
അതിനിടെ കൊച്ചിയിൽ കോൺഗ്രസിന്‍റെ വി.കെ. മിനിമോളെ തെരഞ്ഞെടുത്തു. ദീപ്തി മേരി വർഗീസ് ഷോളണിയിച്ച് മിനിമോളെ അഭിനന്ദിച്ചു. എന്നാൽ സത്യപ്രതിജ്ഞയ്ക്ക് നിൽക്കാതെ മടങ്ങി. പാലാ നഗരസഭയിൽ ദിയാ ബിനു പുളിക്കക്കണ്ടം നഗരസഭാ ചെയർപഴ്സൻ. 21 കാരിയായ ദിയ 14 വോട്ടുകൾ നേടിയാണ് ജയിച്ചത്.
വി.വി. രാജേഷ് തിരുവനന്തപുരം കോർപറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 51 വോട്ടുകളാണ് രാജേഷ് നേടിയത്. അതിനിടെ രണ്ട് കോൺഗ്രസ് അംഗങ്ങളുടെ വോട്ട് അസാധുവായി. ഒപ്പിട്ടതിലുണ്ടായ പിഴവാണ് കാരണം. തൃപ്പൂണിത്തുറയിൽ ബിജെപിയുടെ പി.എൽ. ബാബുവിനെ നഗരസഭാ അധ്യക്ഷനായി തെരഞ്ഞെടുത്തു. യുഡിഎഫ് ആദ്യമായി അധികാരം പിടിച്ച കൊല്ലം കോർപ്പറേഷനിൽ എ.കെ. ഹഫീസ് മേയറായി തെരഞ്ഞെടുക്കപ്പെട്ടു.