

എം.എ. കൃഷ്ണൻ
കൊച്ചി: മലയാളബാല്യങ്ങള്‍ക്ക് മാതൃകയായി ഉണ്ണിക്കണ്ണനെ നല്കിയ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എം.എ. കൃഷ്ണന്‍ എന്ന എംഎ സാര്‍ വിടവാങ്ങി. 97 വയസായിരുന്നു. ചികിത്സയിലിരിക്കെ എറണാകുളത്ത് അമൃത ആശുപത്രിയിലാണ് അന്ത്യം. ബാലികാബാലന്മാരുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. തപസ്യ കലാസാഹിത്യവേദി, ബാലഗോകുലം, എന്നീ സംഘടനകളുടെ സ്ഥാപകനും വഴികാട്ടിയുമായിരുന്നു. അമൃതഭാരതി, ബാലസംസ്‌കാരകേന്ദ്രം, ബാലസാഹിതീ പ്രകാശന്‍, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം, ബാലാവകാശ സംരക്ഷണപ്രസ്ഥാനമായ സൗരക്ഷിക എന്നീ മുന്നേറ്റങ്ങള്‍ വിഭാവനം ചെയ്തു.
ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ്, പ്രചാര്‍ പ്രമുഖ്, കേസരി പത്രാധിപര്‍ എന്നീ ചുമതലകളും ദീര്‍ഘകാലം വഹിച്ചു. ആര്‍എസ്എസ് ദക്ഷിണകേരളം പ്രാന്തകാര്യാലയമായ എറണാകുളം എളമക്കര മാധവനിവാസിലായിരുന്നു അവസാനകാലം ചെലവഴിച്ചത്.
1929 ജനുവരി 17ന് കൊല്ലം ജില്ലയിലെ ഐവര്‍കാലയിലാണ് ജനനം. കരിമ്പിന്‍പുഴ മറവുത്തോട്ടത്തില്‍ ലക്ഷ്മിയമ്മയുടെയും ഐവര്‍കാല മംഗലത്തു പത്മനാഭന്‍റെയും മകന്‍. കുഴിക്കലിടവക ജിവിഎസ്എച്ച്എസില്‍ നിന്ന് ശാസ്ത്രിപരീക്ഷയും തിരുവനന്തപുരം മഹാരാജാസ് സംസ്‌കൃത കോളെജില്‍നിന്ന് തര്‍ക്കശാസ്ത്രത്തില്‍ മഹോപാദ്ധ്യായയും പാസായി. ഒരു വര്‍ഷം കോട്ടയത്ത് വാഴൂര്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകവൃത്തി. 1954-ല്‍ രാജിവച്ച് ആര്‍എസ്എസ് പ്രചാരകനായി. കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ പ്രചാരകന്‍. 1964 ല്‍ കേസരി പത്രാധിപരായി. മലബാറില്‍ ടിപ്പുവിന്‍റെ കടന്നാക്രമണത്തില്‍ തകര്‍ന്ന ക്ഷേത്രങ്ങളെക്കുറിച്ചും മതംമാറ്റ ശ്രമങ്ങളെക്കുറിച്ചുമുള്ള പരമ്പരകളിലൂടെ ജനങ്ങളെ ഉണര്‍ത്തി. നിളയുടെ ഇതിഹാസം എന്ന വിശേഷാല്‍പതിപ്പിലൂടെ ഭാരതപ്പുഴയുടെ അതിജീവനത്തിനായി പതിറ്റാണ്ടുകള്‍ക്കുമുമ്പേ ശബ്ദമുയര്‍ത്തി.
2008ല്‍ കൊല്‍ക്കത്തയിലെ ബഡാബസാര്‍ ലൈബ്രറിയുടെ വിവേകാനന്ദ സേവാസമ്മാന്‍ നല്കി അദ്ദേഹത്തെ ആദരിച്ചു. വീരശ്രീ വേലുത്തമ്പി സ്മാരക സേവാ സമ്മാനമടക്കം നിരവധി ആദരവുകള്‍ അദ്ദേഹത്തെ തേടിയെത്തി. കേരളത്തിന്‍റെ ബാലദിനോത്സവമായി മാറിയ ജന്മാഷ്ടമി ശോഭായാത്രകള്‍, ബാലഗോകുലത്തിന്‍റെ ജ്ഞാനയജ്ഞങ്ങള്‍, കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ മഹാകവി അക്കിത്തത്തിന്‍റെ നേതൃത്വത്തില്‍ തപസ്യ നയിച്ച സാംസ്‌കാരിക തീര്‍ഥയാത്ര, ബാലമഹാസമ്മേളനങ്ങള്‍ തുടങ്ങി എംഎ സാര്‍ നിശബ്ദനായി നിറഞ്ഞുനിന്ന മുന്നേറ്റങ്ങള്‍ നിരവധിയാണ്.
അദ്ദേഹത്തിന്‍റെ ഭൗതികശരീരം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് എളമക്കര പ്രാന്ത കാര്യാലയത്തിൽ എത്തിക്കും. ബുധനാഴ്ച രാവിലെ 10 മണിക്ക് കൊല്ലം ഐവർകാലയിലുള്ള തറവാട്ടു വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാര ചടങ്ങുകൾ വൈകിട്ട് 5 മണിക്ക്.