
തിരുവനന്തപുരം: സിപിഎമ്മിന്‍റെ മംഗലപുരം ഏരിയ മുൻ സെക്രട്ടറി മധു മുല്ലശേരി ബുധനാഴ്ച ബിജെപിയിൽ ചേരും. ബിജെപി സംസ്ഥാന അധ‍്യക്ഷൻ കെ. സുരേന്ദ്രനിൽ നിന്നു മെംബർഷിപ്പ് ഏറ്റുവാങ്ങുമെന്ന് മധു മുല്ലശേരി വ‍്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങൾകൊണ്ട് രാജ‍്യത്ത് വലിയ മാറ്റങ്ങളുണ്ടായെന്നും മധു.
മകനുൾപ്പടെയുള്ളവർ തന്നോടൊപ്പമുണ്ടെന്നും മധു കൂട്ടിച്ചേർത്തു. കൂടുതൽ പാർട്ടി പ്രവർത്തകർ തന്നോടൊപ്പം വന്നിട്ടുണ്ടെന്നും കൂടുതൽ കാര‍്യങ്ങൾ ബുധനാഴ്ച സംസാരിക്കുമെന്നും അദേഹം പറഞ്ഞു.
ഏരിയ സെക്രട്ടറിയാവണമെന്ന് താത്പര‍്യമുണ്ടായിരുന്നില്ലെന്നും സിപിഎം തന്നോട് കാണിച്ചത് അവഗണനയാണെന്നും മധു പറഞ്ഞു.
ഒന്നാഞ്ഞുപിടിച്ചാൽ ചിറയിൻകീഴ് മണ്ഡലം ബിജെപി സ്വന്തമാക്കുമെന്നും അതിനുവേണ്ടിയുള്ള പ്രവർത്തനം താൻ ഇനി നടത്തുമെന്നും മധു വ‍്യക്തമാക്കി. പാർട്ടിക്കുള്ളിലെ വിഭാഗീയതയെ തുടർന്ന് മംഗലപുരം ഏരിയാ സമ്മേളനത്തിൽ നിന്നും മധു ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെയാണ് മധുവിനെ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.