
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ശശികുമാർ തമ്പി കീഴടങ്ങി. കന്‍റോണ്‌മെന്‍റ് പൊലീസിനു മുന്നിലാണ് കീഴടങ്ങിയത്.
ശശികുമാർ തമ്പിയും മറ്റ് പ്രതികളും കൂടി വിവിധ തസ്തികളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് 1.75 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇടനിലയായി പ്രവർത്തിച്ച ദിവ്യാ നായർ, അഭിലാഷ്, ശ്യാംലാൽ എന്നിവരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ടൈറ്റാനിയത്തിലെ മുൻ നിയമകാര്യ ഡെപ്യൂട്ടി ജനറൽ മാനേജരായിരുന്നു ശശികുമാർ. മൂൻകൂർ ജാമ്യത്തിനായി പ്രതി നൽകിയ ഹർജികൾ കോടതി നേരത്തെ തള്ളിയിരുന്നു. ഉദ്യോഗാർഥികളെ ഇയാളുടെ മുന്നിൽ എത്തിച്ച് അവരിൽ വിശ്വാസം ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഇതേത്തുടർന്നാണ് കോടതി ജാമ്യഹർജി തള്ളിയത്.