മുഖ്യവിഷയം പൗരത്വ നിയമം

കോൺഗ്രസ് പ്രകടന പത്രികയിൽ പൗരത്വ നിയമത്തെപ്പറ്റി ഒന്നും പറയാത്തതിനെപ്പറ്റി മുഖ്യമന്ത്രി രൂക്ഷ വിമർശനമുയർത്തിയപ്പോൾ "എട്ടാം പേജ് നോക്കൂ' എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ മറുപടി
മുഖ്യവിഷയം പൗരത്വ നിയമം

#എം.ബി. സന്തോഷ്

തിരുവനന്തപുരം: പ്രഖ്യാപിക്കും മുമ്പേ ആരംഭിച്ച തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ തുടക്കം മുതൽ ഇന്ന് പ്രചാരണം അവസാനിക്കുന്നതു വരെ കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് പൗരത്വ നിയമ ഭേദഗതി. ഈ അജൻഡയിലേക്ക് കോൺഗ്രസിന്‍റെ ദേശീയ നേതാക്കളെ ഉൾപ്പെടെ വലിച്ചിടാനും എൽഡിഎഫിന് സാധിച്ചു. ഈ നിയമം നടപ്പാവുന്നതിലൂടെ രാജ്യത്തെ ഒരാളിനും പൗരത്വം നഷ്ടപ്പെടുന്നില്ല എന്നാണ് ബിജെപിയുടെ മറുപടി.

വടകരയിലെ മോർഫിങ് വിവാദവും തൃശൂർ പൂരം കലക്കലും വിലക്കയറ്റവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉണ്ടായെങ്കിലും എൽഡിഎഫ് നേതാക്കൾ തുടക്കം മുതൽ പൗരത്വ നിയമ പ്രശ്നത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇക്കാര്യത്തിൽ കോൺഗ്രസ് ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു എന്നായിരുന്നു ആക്ഷേപം. പ്രതിഷേധത്തിന്‍റെ നാൾവഴികൾ എണ്ണിയെണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ കളം നിറഞ്ഞപ്പോൾ, കേരളത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കാത്തത് കോൺഗ്രസ് ആയുധമാക്കി. അതിനു പിന്നാലെ കേസ് പിൻവലിക്കൽ വേഗത്തിലാക്കി സർക്കാർ പൗരത്വ നിയമത്തിലെ കോൺഗ്രസിന്‍റെ ആത്മാർഥതയില്ലായ്മയ്ക്കെതിരേ ആഞ്ഞടിച്ചു.

കോൺഗ്രസ് പ്രകടന പത്രികയിൽ പൗരത്വ നിയമത്തെപ്പറ്റി ഒന്നും പറയാത്തതിനെപ്പറ്റി മുഖ്യമന്ത്രി രൂക്ഷ വിമർശനമുയർത്തിയപ്പോൾ "എട്ടാം പേജ് നോക്കൂ' എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ മറുപടി. പക്ഷേ, ആ പേജിലെന്നല്ല, പ്രകടന പത്രികയിൽ തന്നെ പൗരത്വ നിയമം എന്ന വാക്കേ ഇല്ലെന്ന് പിന്നീട് വ്യക്തമായി. അതിനിടയിലാണ് പൗരത്വ നിയമം ഉൾപ്പെടുത്താൻ തീരുമാനിച്ചെങ്കിലും കോൺഗ്രസ് പ്രകടന പത്രികയിൽ നിന്ന് അതിനെ ഒഴിവാക്കുകയായിരുന്നു എന്ന വാർത്ത വന്നത്. "നീളം കൂടിപ്പോയതിനാൽ ആ ഭാഗം ഉൾപ്പെടുത്തിയല്ല' എന്ന് ഇതിന് മുൻ കേന്ദ്രമന്ത്രിയും പ്രകടന പത്രികാ കമ്മിറ്റിയുടെ ചെയർമാനുമായ പി. ചിദംബരത്തിന് തിരുവനന്തപുരത്തു വച്ച് സമ്മതിക്കേണ്ടിവന്നു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആ നിയമം റദ്ദാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്ന സാഹചര്യത്തിലും കഴിഞ്ഞ തവണ ജയിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെ യുഡിഎഫിന്‍റെ 18 എംപിമാർ രാജ്യതാത്പര്യത്തിന് വേണ്ടി സംസാരിക്കുന്നത് കണ്ടില്ലെന്ന് ഇന്നലെയും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ""ആർഎസ്എസിന്‍റെ തീവ്ര അജൻഡകൾ നടപ്പാക്കാനുള്ള ശ്രമമാണ് നരേന്ദ്ര മോദിയുടെ ഗവൺമെന്‍റ് സ്വീകരിച്ചത്. ആ ഘട്ടത്തിൽ അവയെ ശക്തമായി എതിർക്കുന്ന നിലപാട് മതനിരപേക്ഷ ശക്തികൾ എല്ലാം സ്വീകരിച്ചെങ്കിലും കോൺഗ്രസിനെ ആ കൂട്ടത്തിൽ സജീവമായി കണ്ടില്ല. പൗരത്വ നിയമ ഭേദഗതി എന്ന ആർഎസ്എസ് അജൻഡയെ എതിർക്കാൻ രാഹുൽ തയാറാകുന്നില്ല''- മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

""എല്ലാ ദിവസവും മുഖ്യമന്ത്രി പൗരത്വ നിയമം പറയും, രാഹുൽ ഗാന്ധിയെ വിമർശിക്കും. സംസ്ഥാന സർക്കാരിനെതിരെ ഉയരുന്ന രോഷവും അമർഷവും പ്രതിഷേധവും ഈ തെരഞ്ഞെടുപ്പിൽ വരാതിരിക്കാനുള്ള കൗശലവും ചുളുവിൽ ന്യൂനപക്ഷ വോട്ടുകിട്ടാനുള്ള ശ്രമവുമാണ് മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത്''- കൊല്ലത്ത് വി.ഡി. സതീശന്‍റെ മറുപടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com