ഭൂമി തരംമാറ്റത്തിൽ വ്യാപക ക്രമക്കേട് കണ്ടെത്തി

ഒരു ഏജന്‍സിയുടെ മൊബൈല്‍ നമ്പറില്‍ നിന്നുമാത്രം 700 അപേക്ഷകള്‍ ഭൂമി തരം മാറ്റുന്നതിനായി റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ ലഭിച്ചു
ഭൂമി തരംമാറ്റത്തിൽ വ്യാപക ക്രമക്കേട് കണ്ടെത്തി
ഭൂമി തരംമാറ്റത്തിൽ വ്യാപക ക്രമക്കേട് കണ്ടെത്തിFreepik

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി തരംമാറ്റത്തില്‍ സ്വകാര്യ ഏജന്‍സികളുടെ ഇടപെടലുകളും ക്രമക്കേടും വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ തെളിഞ്ഞു. ഒരു ഏജന്‍സിയുടെ മൊബൈല്‍ നമ്പറില്‍ നിന്നുമാത്രം 700 അപേക്ഷകള്‍ ഭൂമി തരം മാറ്റുന്നതിനായി റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ ലഭിച്ചതായി കണ്ടെത്തി.

50 സെന്‍റില്‍ കൂടുതല്‍ വിസ്തീര്‍ണമുളള വസ്തു തരം മാറ്റുമ്പോള്‍ 10 ശതമാനം ജല സംഭരണത്തിനായി മാറ്റി വയ്ക്കേണ്ടതുണ്ടെങ്കിലും ഇതു പാലിക്കപ്പെടുന്നില്ല. 2017-ന് ശേഷവും രജിസ്റ്റര്‍ ചെയ്ത ഭൂമിയും നിയമവിരുദ്ധമായി തരംമാറ്റത്തിനു പരിഗണിക്കുന്നു. ഭൂമി തരം മാറ്റം കാരണം ജലനിര്‍ഗമനമാര്‍ഗം തടസപ്പെടുന്നുണ്ടോയെന്നും സമീപത്തെ ജലസ്രോതസിലേയ്ക്കുള്ള ഒഴുക്ക് തടസപ്പെടുന്നുണ്ടോയെന്നുമുള്ള കാര്യങ്ങള്‍ പലയിടത്തും ലോക്കല്‍ ലവല്‍ മോണിറ്ററിംഗ് കമ്മിറ്റി പരിഗണിക്കുന്നില്ലെന്നു കണ്ടെത്തി.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ തിരുവന്തപുരം, നെടുമങ്ങാട്, കൊല്ലം, പുനലൂര്‍, ആലപ്പുഴ, ചെങ്ങന്നൂര്‍, കോട്ടയം, പാല, ഫോര്‍ട്ട് കൊച്ചി, മൂവാറ്റുപുഴ, പാലക്കാട്, ഒറ്റപ്പാലം, കാഞ്ഞങ്ങാട്, വടകര, മലപ്പുറം , പെരിന്തല്‍ മണ്ണ എന്നീ റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ 50 സെന്‍റില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള ഭൂമിയുടെ 10 ശതമാനം ജല സംഭരണത്തിനായി മാറ്റി വയ്ക്കണമെന്ന ചട്ടം വ്യാപകമായി അട്ടിമറിച്ചതായി കണ്ടെത്തി.

ഇതു കൂടാതെ പാലക്കാട് 166, തൃശ്ശൂര്‍ 154, ചെങ്ങന്നൂര്‍ 93, നെടുമങ്ങാട് 86, മൂവാറ്റുപുഴ 66, പുനലൂര്‍ 44, ഫോര്‍ട്ട് കൊച്ചി 21, പെരിന്തല്‍മണ്ണ 19, കോട്ടയം 14,ഒറ്റപ്പാലം 13, അപേക്ഷളും തിരുവനന്തപുരം, ആലപ്പുഴ എന്നീ റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ 7 വീതം അപേക്ഷകളും കൊല്ലം , ഇരിങ്ങാലക്കുട എന്നീ റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ 6 വീതം അപേക്ഷകളും പാല റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ 5 അപേക്ഷകളും, കാഞ്ഞങ്ങാട്, മാനനന്തവാടി എന്നീ റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ 3 വീതം അപേക്ഷകളും ഒരേ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തി വിവിധ ഏജന്‍സികള്‍ റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലേയ്ക്ക് തരം മാറ്റത്തിനായി അയച്ചു നല്‍കിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി.

ഇടുക്കി, പാലക്കാട് എന്നീ റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 2017-ന് ശേഷം ആധാരം ചെയ്ത വസ്തുക്കളും തരം മാറ്റി നല്‍കിയിട്ടുള്ളതായി മനസിലാക്കി. ഇടുക്കി റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ഒരു അപേക്ഷകന്‍റെ 2 ഏക്കറോളം ഭൂമി തുച്ഛമായ തുക ഈടാക്കി തരം മാറ്റി നല്‍കിയതായും തരം മാറ്റി നല്‍കാന്‍ പാടില്ലായെന്ന ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ മറി കടന്ന് കോട്ടയം, പെരിന്തല്‍ മണ്ണ എന്നീ റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ വസ്തു തരം മാറ്റി നല്‍കിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി.

കൂടാതെ മാനന്തവാടി റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ യഥാര്‍ത്ഥ വസ്തു ഉടമയുടെ അറിവില്ലാതെ അയാളുടെ പേരില്‍ത്തന്നെ ആരോ ഡേറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതായും സംസ്ഥാനത്തെ പല റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലും സ്ഥല പരിശോധന ആവശ്യമാണെന്ന് കാണിച്ച് മാസങ്ങളായി അപേക്ഷകള്‍ മാറ്റി വച്ചിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി.

ഒരേ മൊബൈല്‍ നമ്പരില്‍ നിന്നും ഭൂമി തരം മാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ച് നടപടി ക്രമം പൂര്‍ത്തിയാക്കിയ അപേക്ഷകളിന്മേല്‍ നിയമപ്രകാരമാണോ തരം മാറ്റം നല്‍കിയതെന്ന് കണ്ടെത്തുന്നതിനായി വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുന്നതാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ ടി.കെ. വിനോദ് കുമാര്‍ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com