ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; 4 ജില്ലാ കലക്റ്റർമാർക്ക് മാറ്റം

തൊഴില്‍വകുപ്പ് സെക്രട്ടറിയായിരുന്ന കെ. വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാക്കി
Major IAS reshuffle in Kerala

NSK Umesh, Dr K Vasuki, Chethan Kumar Meena

Updated on

കോട്ടയം: ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. സംസ്ഥാനത്ത് നാല് ജില്ലാ കലക്റ്റർമാർക്കാണ് മാറ്റം. സബ് കലക്റ്റർമാർക്കും വിവിധ ഡയറക്റ്റർമാർക്കും സ്ഥാനചലനമുണ്ട്.

ന്യൂഡല്‍ഹിയില്‍ അഡീഷണല്‍ റെസിഡന്‍റ് കമ്മിഷണറായ ചേതൻകുമാർ മീണയാണ് കോട്ടയത്തിന്‍റെ പുതിയ കലക്റ്റർ. നിലവിൽ ജില്ലാ കലക്റ്ററായിരുന്ന ജോണ്‍ വി. സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്റ്ററായി നിയമിച്ചു. ചൊവ്വാഴ്ച അർധരാത്രിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.

എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലാ കലക്റ്റർമാർക്കും മാറ്റമുണ്ട്. എറണാകുളം കലക്റ്ററായിരുന്ന എൻ.എസ്.കെ. ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്റ്ററായി നിയമിച്ചു. കെഎഫ്സിയുടെ മാനേജിങ് ഡയറക്റ്ററുടെ ചുമതലയും അദ്ദേഹത്തിനാണ്.

പാലക്കാട് കലക്റ്ററായിരുന്ന ജി. പ്രിയങ്കയാണ് പുതിയ എറണാകുളം ജില്ലാ കലക്റ്റർ. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എം.എസ്. മാധവിക്കുട്ടി പാലക്കാട് ജില്ലാ കലക്റ്ററാകും. ഇടുക്കി കലക്റ്ററായിരുന്ന വി. വിഘ്നേശ്വരിയെ കൃഷി വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാക്കി. ആ സ്ഥാനത്തേക്ക് പഞ്ചായത്ത് ഡയറക്റ്ററായിരുന്ന ഡോ. ദിനേശൻ ചെറുവാട്ടിനെ നിയമിച്ചു.

തൊഴില്‍വകുപ്പ് സെക്രട്ടറിയായിരുന്ന കെ. വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാക്കി. ഡല്‍ഹിയിലെ റസിഡന്‍റ് കമ്മിഷണറായ പുനീത് കുമാറിനെ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്റ്ററായിരുന്ന എസ്. ഷാനവാസാണ് പുതിയ തൊഴില്‍ സെക്രട്ടറി. പഠനാവധി കഴിഞ്ഞെത്തിയ ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ് പ്രിൻസിപ്പല്‍ ഡയറക്റ്ററായും നിയമിച്ചു.

തദ്ദേശ ഭരണവകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായ ഡോ. എസ്. ചിത്രയെ പൊതുവിദ്യാഭ്യാസ വകുപ്പിലേക്കും, ലാൻഡ് റവന്യൂ ജോയിന്റ് സെക്രട്ടറി എ. ഗീതയെ റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായും മാറ്റി. തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്റ്ററായിരുന്ന എ. നിസാമുദ്ദീനെ കിലയുടെ ഡയറക്റ്ററായും രജിസ്ട്രേഷൻ ഐജി ആയിരുന്ന ശ്രീധന്യാ സുരേഷിനെ ടൂറിസം അഡീഷണല്‍ ഡയറക്റ്ററായും മാറ്റി നിയമിച്ചു.

സിവില്‍ സപ്ലൈസ് കോർപറേഷൻ എം.ഡി ആയിരുന്ന ഡോ. അശ്വതി ശ്രീനിവാസിനെ ന്യൂഡല്‍ഹിയിലെ അഡീഷണല്‍ റെസിഡന്റ് കമ്മിഷണറാക്കി. പിന്നാക്ക സമുദായ വികസന കോർപറേഷൻ ഡയറക്റ്ററായ ഡോ. ജെ.ഒ. അർജുനെ വയനാട് ടൗണ്‍ഷിപ്പ് പ്രോജക്‌റ്റ് സിഇഒ ആയും നിയമിച്ചു. ഫോർട്ട് കൊച്ചി സബ് കലക്റ്ററായിരുന്ന കെ. മീരയെ സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ് ഡയറക്റ്ററായും ഒറ്റപ്പാലം സബ്കലക്റ്റർ ഡോ.മിഥുൻ പ്രേമരാജിനെ ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറായും നിയമിക്കും. മാനന്തവാടി സബ്കലക്റ്റർ മിസാല്‍ സാഗർ ഭരതിനെ പിന്നാക്ക സമുദായ കോർപറേഷൻ ഡെപ്യൂട്ടി സെക്രട്ടറിയാക്കി. കോഴിക്കോട് സബ്കലക്റ്റർ ഹരീഷ് ആർ. മീണയെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്റ്ററാക്കിയും നിയമിക്കും.

ദേവികുളം സബ്കലക്റ്റർ ആയിരുന്ന വി.എം. ജയകൃഷ്ണനാണ് സിവില്‍ സപ്ലൈസ് കോർപ്പറേഷന്റെ പുതിയ എംഡി കോട്ടയം സബ്കലക്റ്റർ ഡി. രഞ്ജിത്തിനെ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്റ്ററായും, പെരിന്തല്‍മണ്ണ സബ്കലക്റ്ററായിരുന്ന അപൂർവ ത്രിപാഠിയെ ലൈഫ് മിഷൻ സിഇഒയായും നിയമിക്കും. ഷീബാ ജോർജിനെ ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറിയാക്കി. മസൂറിയില്‍ 2ാം ഘട്ട പരിശീലനം പൂർത്തിയാക്കിയെത്തുന്ന മുറയ്ക്ക് അൻജീത് കുമാറിനെ ഒറ്റപ്പാലത്തും, അതുല്‍ സാഗറിനെ മാനന്തവാടിയിലും, ആയുഷ് ഗോയലിനെ കോട്ടയത്തും വി.എം. ആര്യയെ ദേവികുളത്തും എസ്. ഗൗതംരാജിനെ കോഴിക്കോട്ടും ഗ്രന്ഥേ സായികൃഷ്ണയെ ഫോർട്ട് കൊച്ചിയിലും സാക്ഷി മോഹനനെ പെരിന്തല്‍മണ്ണയിലും സബ്കലക്റ്റർമാരായി നിയമിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com