
പ്രതി ജിജോ
മാള: തൃശൂർ മാളയിൽ 6 വയസുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് വിവരം. ചാമ്പക്ക നൽകാമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ കുളത്തിനരികിലേക്ക് വിളിച്ചുകൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി ഇത് വീട്ടിൽ പറയുമെന്ന് പറഞ്ഞതോടെ കുട്ടിയെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പ്രതി ജിജോ പൊലീസിന് മൊഴി നൽകി. മുങ്ങിത്താഴുന്നതിനിടെ കുളത്തിൽ നിന്നും കുട്ടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വീണ്ടും കുളത്തിലേക്ക് തള്ളിയിട്ട് കുട്ടിയുടെ മരണം ജിജോ ഉറപ്പിക്കുകയായിരുന്നെന്നും മൊഴിയിലുണ്ട്.
പിന്നീട് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് തെരച്ചിൽ സംഘത്തനൊപ്പം ചേർന്നു. ആർക്കും സംശയം തോന്നിയിരുന്നില്ല. തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതിക്ക് പുറകെ കുട്ടി പോവുന്നതായി കണ്ടെത്തി. തുടർന്ന് ഇതിനെക്കുറിച്ച് പ്രതിയോട് ചോദിച്ചപ്പോൾ കുട്ടി പാടത്തേക്ക് പോയതായി കണ്ടിരുന്നുവെന്ന് പ്രതി മൊഴി നൽകി.
പ്രതി ബൈക്ക് മോഷണത്തിന് ദുർഗുണ പരിഹാര പാഠശാലയിൽ കഴിഞ്ഞിരുന്ന ആളാണ്. ഇത്തരത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള ആളായതിനാൽ പൊലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിന്‍റെ ഒരു ഘട്ടത്തിൽ കുളത്തിൽ കുട്ടി വീഴുന്നത് കണ്ട് എന്ന് മൊഴി നൽകി. തുടർ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം.
പിന്നാലെ പൊലീസും നാട്ടുകാരും കുളത്തിൽ നടത്തിയെ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളെജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകിട്ടോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.