
അബ്ദുൾ ഗഫൂർ
മലപ്പുറം: മലപ്പുറം കാളിക്കാവിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗഫൂറിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഗഫൂറിന്‍റെ കഴുത്തിൽ ആഴത്തിലുള്ള കടിയേറ്റതായും, ഈ മുറിവിൽ നിന്നും രക്തം വാർന്നാണ് മരണം സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. പിൻഭാഗത്തെ മാംസം കടിച്ചെടുത്തിട്ടുണ്ട്. ശരീരമാസകലം നഖത്തിന്‍റെയും പല്ലിന്‍റെയും പാടുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കടുവയെ പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ് വനം വകുപ്പ്. ചീഫ് വെറ്ററിനറി സർജൻ ഡോക്റ്റർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘം പ്രദേശത്ത് ക്യാമ്പുചെയ്തിട്ടുണ്ട്. ദൗത്യത്തിനായി മുത്തങ്ങയിൽ നിന്നും കുങ്കിയാനയെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. വ്യാഴാഴ്ച തന്നെ പ്രദേശത്ത് 50 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കടുവയുടെ സാന്നിധ്യമുള്ള സ്ഥലം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കണ്ടെത്തിയ ശേഷമാവും മയക്കുവെടി വയ്ക്കാനുള്ള നടപടികളിലേക്ക് കടക്കുക.
വ്യാഴാഴ്ച രാവിലെയാണ് ടാപ്പിങ്ങിനായി പോയ തൊഴിലാളിയെ കടുവ ആക്രമിക്കുന്നത്. ഗഫൂറിന്‍റെ കഴുത്തിൽ കടിച്ച് വലിച്ചുകൊണ്ടുപോവുകയായിരുന്നെന്നാണ് ദൃക്സാക്ഷി പറയുന്നത്. നരഭോജി കടുവയെ വെടിവച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.