
നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയിൽ; സമ്പർക്ക പട്ടികയിലെ 6 പേർക്ക് രോഗ ലക്ഷണം; റൂട്ട് മാപ്പ് പുറത്തുവിട്ടു
മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയിൽ തുടരുന്നതായി ആരോഗ്യ മന്ത്രി വീണ ജോർജ്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ വെിലേറ്ററിലുള്ള രോഗിക്ക് ആന്‍റി ബോഡി നൽകി നിരീക്ഷണത്തിൽ തുടരുകയാണെന്ന് മന്ത്രി അറിയിച്ചു. കൂടാതെ രോഗിയുടെ റൂട്ട് മാപ്പും സമ്പർക്ക പട്ടികയും പുറത്തുവിട്ടു.
49 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതില്‍ 6 പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. പട്ടികയിലുള്ള 45 പേര്‍ ഹൈ-റിസ്‌ക്ക് കാറ്റഗറിയിലാണ്. 12 പേർ കുടുംബാംഗങ്ങളാണ്. രോഗ ലക്ഷണങ്ങളുള്ള 5 പേർ മഞ്ചേരി മെഡി. കോളെജിൽ ചികിത്സയിലും ഒരാൾ എറണാകുളത്ത് ഐസൊലേഷനിലും കഴിയുകയാണ്. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകൾ ശേഖരിച്ചു. യുവതിയുടെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ 7 പേരുടെ സ്രവസാമ്പിളുകൾ പരിശോധിച്ചതില്‍ ആദ്യഘട്ടത്തില്‍ എല്ലാം നെഗറ്റീവാണെങ്കിലും 21 ദിവസം ക്വാറീനില്‍ കഴിയാൻ നിര്‍ദേശിച്ചിതായും മന്ത്രി പറഞ്ഞു.
ഏപ്രിൽ 25 നാണ് മലപ്പുറം വളാഞ്ചേരി സ്വദേശിയായ സ്ത്രി കടുത്ത പനി മൂലം വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടുന്നത്. പനി, ശ്വാസതടസം എന്നിവ വിട്ടുമാറാതെ വന്നതോടെ, മേയ് 1ന് ഇവരെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്കു മാറ്റി. നിരീക്ഷണത്തിൽ നിപ ലക്ഷണങ്ങൾ കണ്ടതോടെ ഇവരുടെ ശ്രവ സാമ്പിൾ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയും മേയ് 8ന് പരിശോധനഫലം പോസിറ്റീവാണെന്ന അറിയിപ്പ് വന്നു.
പ്രതിരോധ പ്രവർത്തനത്തിന് 25 കമ്മിറ്റികൾ രൂപീകരിച്ചതായി മന്ത്രി പറയുന്നു. രോഗം സ്ഥിരീകരിച്ച മേഖലയിലെ 3 കി.മീ. ചുറ്റളവിൽ കണ്ടെയ്‌മെന്‍റ് സോൺ പ്രഖ്യാപിച്ചു. സമീപ ജില്ലകളിലും പരിശോധന നടത്തും. രോഗത്തിന്റെ ഉറവിടം വ്യക്തമാല്ലാത്തതിനാൽ ഇതിനെ കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി.