മലപ്പുറം: മലപ്പുറത്ത് വീണ്ടും നിപ്പ ബാധിച്ചെന്ന് സംശയിക്കുന്ന രോഗി മരിച്ചു. പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞയാഴ്ച്ച മരിച്ച 23 വയസ്സുകാരനായ യുവാവിന്‍റെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ നിപ്പ പോസിറ്റീവ് ആയി സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ സാംപിളുകൾ പുനെ വൈറോളജി ലാബിലേക്ക് അയച്ചു.പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം കൂടി വന്നാലെ നിപ സ്ഥിരീകരിക്കാനാകൂ.
വണ്ടൂർ നടുവത്ത് സ്വദേശിയായ യുവാവാണ് കഴിഞ്ഞ തിങ്കളാഴ്ച്ച പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കല്‍ കോളജില്‍ വച്ച് നിപ ലക്ഷണങ്ങളോടെ മരിച്ചത്. യുവാവിന്‍റെ ബന്ധുക്കളെയടക്കം നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. യുവാവിന്‍റെ റൂട്ട് മാപ്പും കബറടക്കം അടക്കമുള്ള കാര്യങ്ങളും ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഓൺലൈനായി യോഗം ചേർന്നു.
ബംഗളുരുവിൽ ജോലി ചെയ്യുന്ന യുവാവ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. യുവാവിന് കടുത്ത പനി ബാധിച്ചിരുന്നു. ഛർദിയും മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. സാധാരണ പനി എന്ന ധാരണയില്‍ നിയന്ത്രണങ്ങളൊന്നുമില്ലാതെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും അടുത്തിടപഴകിയിരുന്നു. ഈ സാഹചര്യത്തില്‍ സമ്പര്‍ക്കപ്പട്ടികയുള്‍പ്പെടെ തയ്യാറാക്കി കൂടുതല്‍ പരിശോധന നടത്തേണ്ടിവരും. യുവാവിന്‍റെ വീട്, ആദ്യം ചികിത്സ തേടിയ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലടക്കം സമ്പര്‍ക്ക പട്ടിക വ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ വേര്‍തിരിക്കുന്നതടക്കമുള്ള നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും.
പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുൻപാണ്. നടുവത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് ചെമ്പ്രശേരി.