സാഹിത്യകാരി പി. വത്സല അന്തരിച്ചു

വയനാട്ടിലെ ആദിവാസി ജീവിതത്തെ അടിസ്ഥാനമാക്കി രചിച്ച "നെല്ല് ' എന്ന നോവലിലൂടെയാണ് എഴുത്തിന്‍റെ ലോകത്ത് ശ്രദ്ധേയയായത്
പി. വത്സല
പി. വത്സല

കോഴിക്കോട്: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായിരുന്ന പി. വത്സല (84) അന്തരിച്ചു. കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളേജില്‍ ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു "തിരുനെല്ലിയുടെ കഥാകാരി' എന്ന് അറിയപ്പെട്ടിരുന്ന വത്സലയുടെ അന്ത്യം.

വയനാട്ടിലെ ആദിവാസി ജീവിതത്തെ അടിസ്ഥാനമാക്കി രചിച്ച "നെല്ല് ' എന്ന നോവലിലൂടെയാണ് എഴുത്തിന്‍റെ ലോകത്ത് ശ്രദ്ധേയയായത്. കുങ്കുമം അവാര്‍ഡ് ലഭിച്ച ഈ നോവല്‍ പിന്നീട് എസ്.എല്‍. പുരം സദാനന്ദന്‍റെ തിരക്കഥയില്‍ രാമു കാര്യാട്ട് സിനിമയാക്കി. നെല്ല് ഹിന്ദിയിലേക്കും പരിഭാഷപ്പെടുത്തി. കേരള സാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. 75ൽ പ്രസിദ്ധീകരിച്ച നിഴലുറങ്ങുന്ന വഴികള്‍ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. പുലിക്കുട്ടന്‍ എന്ന കൃതിക്ക് സംസ്ഥാന ബാലസാഹിത്യ അവാര്‍ഡും നേടി. 2021ല്‍ കേരള സര്‍ക്കാരിന്‍റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരത്തിനും കേരള സാഹിത്യ അക്കാഡമി ഫെല്ലോഷിപ്പിനും മറ്റ് ഒട്ടേറെ ബഹുമതികൾക്കും അര്‍ഹയായി.

കാനങ്ങാട്ട് ചന്തുവിന്‍റെയും പത്മാവതിയുടെയും മകളായി 1938 ഏപ്രില്‍ 4നാണ് ജനനം. കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയർ സെക്കൻഡറി സ്‌കൂളില്‍ അധ്യാപികയായി. അവസാന 5 വര്‍ഷം നടക്കാവ് ടിടിഐയില്‍ പ്രധാനാധ്യാപികയായിരുന്നു. 32 വര്‍ഷത്തെ അധ്യാപന ജീവിതത്തിനു ശേഷം 1993 മാര്‍ച്ചില്‍ അവിടെ നിന്നാണ് വിരമിക്കുന്നത്. അധ്യാപകനായിരുന്ന കക്കോട് മാറോളി എം. അപ്പുക്കുട്ടിയാണ് ഭര്‍ത്താവ്. മക്കള്‍: അരുണ്‍ മാറോളി (ന്യൂയോര്‍ക്ക്), ഡോ. മിനി. മരുമക്കള്‍: ഡോ. നീനാ കുമാര്‍, അഡ്വ. കസ്തൂരി വിദ്യാ നമ്പ്യാര്‍. കോഴിക്കോട് മുക്കം അഗസ്ത്യാമൂഴിയിൽ മകൾക്കൊപ്പമായിരുന്നു താമസം. സംസ്‌കാരം മകൻ ഡോ. അരുൺ ന്യൂയോർക്കിൽ നിന്ന് എത്തിയതിനു ശേഷം.

2021ലാണ് വത്സലയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്. നെല്ലിന് കുങ്കുമം അവാര്‍ഡ് ലഭിച്ചു. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്‍റെ അക്ഷരപുരസ്‌കാരം, നിഴലുറങ്ങുന്ന വഴികള്‍ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, സമഗ്ര സംഭാവനയ്ക്കുള്ള പത്മപ്രഭാ പുരസ്‌കാരം, പുലിക്കുട്ടന്‍ എന്ന കൃതിക്ക് സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, വിലാപത്തിന് സി.എച്ച്. അവാര്‍ഡ്, ലളിതാംബികാ അന്തര്‍ജനം അവാര്‍ഡ്, സി.വി. കുഞ്ഞിരാമന്‍ സ്മാരക മയില്‍പ്പീലി അവാര്‍ഡ്, ബാലാമണിയമ്മയുടെ പേരിലുള്ള അക്ഷരപുരസ്‌കാരം, പി.ആര്‍. നമ്പ്യാര്‍ അവാര്‍ഡ്, എം.ടി. ചന്ദ്രസേനന്‍ അവാര്‍ഡ്, ഒ. ചന്തുമേനോന്‍ അവാര്‍ഡ്, സദ്ഭാവനാ അവാര്‍ഡ്, മുട്ടത്തുവർക്കി അവാർഡ് എന്നിവയെല്ലാം അവരെ തേടിയെത്തി.

കൃതികൾ:

നെല്ല് (1972), റോസ്മേരിയുടെ ആകാശങ്ങള്‍ (1993), ആരും മരിക്കുന്നില്ല (1987), ആഗ്‌നേയം (1974), ഗൗതമന്‍ (1986), പാളയം (1981), ചാവേര്‍ (1991), അരക്കില്ലം (1977), കൂമന്‍കൊല്ലി (1984), നമ്പരുകള്‍ (1980), വിലാപം (1997), ആദിജലം (2004), വേനല്‍ (1979), കനല്‍ (1979), നിഴലുറങ്ങുന്ന വഴികള്‍ (1979) (നോവലുകള്‍). തിരക്കിലല്പം സ്ഥലം (1969), പഴയപുതിയ നഗരം (1979), ആനവേട്ടക്കാരന്‍ (1982), ഉണിക്കോരന്‍ ചതോപാധ്യായ (1985), ഉച്ചയുടെ നിഴല്‍ (1976), കറുത്ത മഴപെയ്യുന്ന താഴ്വര (1988), കോട്ടയിലെ പ്രേമ (2002), പൂരം (2003), അന്നാമേരിയെ നേരിടാന്‍ (1988), അശോകനും അയാളും (2006), വത്സലയുടെ സ്ത്രീകള്‍ (2005), വത്സലയുടെ തിരഞ്ഞെടുത്ത കഥകള്‍ (2005), വത്സലയുടെ കഥകള്‍ (1989), പംഗരുപുഷ്പത്തിന്‍റെ തേന്‍ (1996), കഥായനം (2003), അരുന്ധതി കരയുന്നില്ല (1991), ചാമുണ്ടിക്കുഴി (1989)

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com