
തിരുവനന്തപുരം: സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. 88 വയസായിരുന്നു. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയയായ മലയാളം എഴുത്തുകാരിയാണ് സാറാ തോമസ് (sara thomas).
1934 ൽ തിരുവനന്തപുരത്താണ് സാറാ തോമസിന്‍റെ (sara thomas) ജനനം. "ജീവിതം എന്ന നദി" യാണ് ആദ്യ നോവൽ. സാറാ തോമസിന്‍റെ 34-ാം വയസിലാണ് ആദ്യ നോവൽ പുറത്തിറങ്ങിയത്. ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്.
സാറാ തോമസിന്‍റെ ‘മുറിപ്പാടുകൾ’ എന്ന നോവൽ പി.എ. ബക്കർ ‘മണിമുഴക്കം’ എന്ന സിനിമയാക്കിയിട്ടുണ്ട്. ഇതിനു പുറമേ അസ്തമയം,പവിഴമുത്ത്,അർച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങൾക്ക് പ്രമേയങ്ങളായിട്ടുണ്ട്.
നാര്‍മടിപ്പുടവ, ദൈവമക്കള്‍, അഗ്നിശുദ്ധി, വലക്കാര്‍, ചിന്നമ്മു, ഗ്രഹണം, നീലക്കുറിഞ്ഞികള്‍ ചുവക്കും നേരി, തണ്ണീര്‍പ്പന്തല്‍, യാത്ര, കാവേരി എന്നിവയാണ് ശ്രദ്ധേയ കൃതികള്‍. നാര്‍മടിപ്പുടവ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ പാറ്റൂര്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ നടക്കും.