

ആധാറിന്‍റെ ഔദ്യോഗിക ചിഹ്നം മലയാളി വക, അഭിമാനമായി അരുൺ ഗോകുൽ
തിരുവനന്തപുരം: ആധാറിന്‍റെ ഔദ്യോഗിക ചിഹ്നം രൂപകല്പന ചെയ്യുന്നതിനായി സംഘടിപ്പിച്ച ദേശീയതല മത്സരത്തിൽ തൃശൂരിൽ നിന്നുള്ള അരുൺ ഗോകുൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യുണീക്ക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സംഘടിപ്പിച്ച ചടങ്ങിൽ ചെയർമാൻ നീലകണ്ഠ് മിശ്ര ഔദ്യോഗിക ചിഹ്നവും "ഉദയ് ' എന്ന പേരും അനാവരണം ചെയ്തു.
100 കോടിയിലധികം ജനങ്ങൾക്ക് ആധാർ സേവനങ്ങളെക്കുറിച്ച് ആശയവിനിമയം കൂടുതൽ ലളിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും എളുപ്പത്തിൽ മനസിലാക്കാവുന്നതും ആക്കാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണ് ഈ ചിഹ്നത്തിന്‍റെ പ്രകാശനമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ മത്സരത്തിലൂടെ ഈ ഔദ്യോഗിക ചിഹ്നം രൂപകൽപ്പന ചെയ്യാനും പേരിടാനും പൗരന്മാരെ ക്ഷണിച്ചതിലൂടെ, ആധാറിന്‍റെ ഒരു പ്രധാന തത്വം യുഐഡിഎഐ വീണ്ടും ഊട്ടിയുറപ്പിച്ചെന്ന് സിഇഒ ഭുവ്‌നേഷ് കുമാർ പറഞ്ഞു. ആധാർ ഒരു പൊതു സേവനമെന്ന നിലയിൽ ജനങ്ങളുമായി എത്രത്തോളം ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ് ഈ മത്സരത്തിന് ലഭിച്ച വൻ പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ഔദ്യോഗിക ചിഹ്നം ഒരു സഹായിയായും ആഖ്യാതാവായും അതിന്‍റെ യാത്ര ആരംഭിക്കുന്നതോടെ, ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ എളുപ്പം മനസിലാക്കാൻ ഇത് പൗരന്മാരെ സഹായിക്കുമെന്ന് യുഐഡിഎഐ ഡെപ്യൂട്ടി ഡയറക്റ്റർ ജനറൽ വിവേക് സി. വർമ പറഞ്ഞു.
ആധാർ വിവരങ്ങൾ പുതുക്കൽ, പ്രാമാണീകരണം, ഓഫ്‌ലൈൻ വെരിഫിക്കേഷൻ, തെരഞ്ഞെടുത്ത വിവരങ്ങൾ പങ്കിടൽ, പുതിയ സാങ്കേതികവിദ്യ സ്വീകരിക്കൽ, ഉത്തരവാദിത്തമുള്ള ഉപയോഗം തുടങ്ങി ആധാറിന്‍റെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം ഇത് ലളിതമാക്കും.
മൈ ഗവൺമെന്‍റ് (MyGov) പ്ലാറ്റ്‌ഫോമിലൂടെ ദേശീയതലത്തിൽ ഡിസൈൻ, പേര് കണ്ടെത്തൽ മത്സരങ്ങൾ സംഘടിപ്പിച്ചു. രാജ്യമെമ്പാടും നിന്ന് ആവേശകരമായ പ്രതികരണമാണ് ഇതിന് ലഭിച്ചത്. വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, ഡിസൈനർമാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരിൽ നിന്നായി 875 എൻട്രികൾ യുഐഡിഎഐക്ക് ലഭിച്ചു.
ഡിസൈൻ മത്സരത്തിൽ തൃശൂരിൽ നിന്നുള്ള അരുൺ ഗോകുൽ ഒന്നാം സ്ഥാനം നേടിയപ്പോൾ മഹാരാഷ്‌ട്രയിലെ പുനെയിൽ നിന്നുള്ള ഇദ്രിസ് ദാവൈവാല രണ്ടാം സ്ഥാനവും, ഉത്തർപ്രദേശിലെ ഗാസിപുരിൽ നിന്നുള്ള കൃഷ്ണ ശർമ മൂന്നാം സ്ഥാനവും നേടി.
പേര് നൽകുന്നതിനുള്ള മത്സരത്തിൽ ഭോപ്പാലിൽ നിന്നുള്ള റിയ ജെയിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പുനെയിൽ നിന്നുള്ള ഇദ്രിസ് ദാവൈവാലയും ഹൈദരാബാദിൽ നിന്നുള്ള മഹാരാജ് ശരൺ ചെല്ലാപിള്ളയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി