''എന്‍റെ ഡ്രൈവിങ്ങിനു സൽപ്പേരില്ല, അപകടങ്ങൾക്കു കാരണം ഹ്യൂമൻ എറർ'', മമ്മൂട്ടി

റോഡ് സുരക്ഷ ലക്ഷ്യമിട്ട് എറണാകുളം ടൗൺ ഹാളിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച 'ജീവ-സുയാത്ര' മിഷൻ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു.
Mammootty admits own bad driving

പുത്തൻപണം എന്ന സിനിമയിൽ മമ്മൂട്ടി.

പ്രതീകാത്മക ചിത്രം

Updated on: 

കൊച്ചി: തന്‍റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ലെന്നും ആവേശത്തോടെ സ്പീഡിൽ വണ്ടി ഓടിക്കുന്ന ആളാണെന്നും നടൻ മമ്മൂട്ടി. റോഡ് സുരക്ഷ ലക്ഷ്യമിട്ട് എറണാകുളം ടൗൺ ഹാളിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച 'ജീവ-സുയാത്ര' മിഷൻ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. പദ്ധതിയുടെ ബ്രാൻഡ് അംബാസഡറാണ് അദ്ദേഹം. റോഡ് അപകടങ്ങൾക്ക് പ്രധാന കാരണം ഹ്യൂമൻ എറർ ആണെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു. റോഡിൽ പലരും നടക്കുന്നത് വീട്ടിൽ നടക്കുന്നത് പോലെയാണ്. നമ്മുടെ സുരക്ഷ മറ്റൊരാളുടെ കൈയിൽ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോഡ് സുരക്ഷ വലിയൊരു മിഷൻ ആണെന്നും കേരളത്തിന് റോഡ് സംസ്കാരം ഉണ്ടാകണമെന്നും പദ്ധതി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കേരളത്തിൽ അശ്രദ്ധയോടെ വണ്ടി ഓടിക്കുന്നവർ ഗൾഫിൽ എത്തുമ്പോൾ എന്തൊരു ശ്രദ്ധയാണ്. അറബികൾ പോലും അത്ര നന്നായി അവിടെ വണ്ടി ഓടിക്കില്ല. മദ്യപിച്ച് വണ്ടിയോടിച്ചാൽ പൊലീസ് പിടിക്കുമെന്നായപ്പോൾ ചിലർ ഭാര്യമാരെ ഡ്രൈവിങ് പഠിപ്പിച്ചു. ഇപ്പോൾ പരിശോധന കുറഞ്ഞപ്പോൾ ഭാര്യമാർക്ക് വണ്ടി കൊടുക്കാതെയായി. വാഹനത്തിന്‍റെ കളറിൽ അല്ല കാര്യം. അപകടകരമായ ഡെക്കറേഷൻസ് ആണ് പ്രശ്നമെന്നും വി.ഡി. സതീശൻ പറഞ്ഞു.

മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗം, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ, ഗതാഗതസിഗ്നലുകളും നിയമങ്ങളും ലംഘിക്കൽ തുടങ്ങിയ പ്രവണതകൾ കർശനമായി നിയന്ത്രിക്കണം. നിയമലംഘകർക്ക് പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നടപടികളിൽ വിട്ടുവീഴ്ചയുണ്ടാകരുത്. ആവശ്യമെങ്കിൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണം. റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുന്നതും സുരക്ഷിതമായ യാത്രയുടെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.

റോഡ് നിയമങ്ങൾ കർക്കശമാക്കും. അതിന്‍റെ പേരിൽ ജനം സർക്കാരിന് എതിരായാൽ മുഴുവൻ ഉത്തരവാദിത്വവും ഞാൻ ഏറ്റെടുക്കും. ഞാൻ അടക്കമുള്ള ആളുകൾ ആർക്കും വേണ്ടി ആരെയും വിളിക്കില്ല. പൊലീസുകാർ ഒരാളുടെയും ശുപാർശ കേൾക്കണ്ട. ഞാൻ പൊലീസുകാർക്ക് ഗ്യാരന്‍റി നൽകുന്നു. മുഖം നോക്കാതെ നടപടി വേണം. ആറ് മാസത്തിനുള്ളിൽ മാറ്റം ഉണ്ടാകണം. മമ്മൂട്ടി വാഹനങ്ങളെ പ്രണയിച്ച ആളാണെന്നും ഗൾഫിൽ പോയാലും ഇവിടെയും ഭംഗി ആയി വാഹനം ഓടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ, കൊച്ചി മേയർ വി.കെ. മിനിമോൾ, ജില്ലാ കലക്റ്റർ ജി. പ്രിയങ്ക, ഗതാഗത വകുപ്പ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, സിറ്റി പൊലീസ് കമ്മിഷണർ ആർ. നിശാന്തിനി, ട്രാൻസ്പോർട്ട് കമ്മിഷണർ ജി. സ്പർജൻ കുമാർ, വാർഡ് കൗൺസിലർ സുധ ദിലീപ് കുമാർ, ഐജിപി, ട്രാഫിക് & റോഡ് സേഫ്റ്റി കമ്മീഷണർ എസ്. സതീഷ് ബിനോ തുടങ്ങിയവർ പങ്കെടുത്തു.