"മനുഷ്യന്‍റെ മനസു മാറാനുള്ള പ്രാർഥനയുടെ അഗ്നി'' എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ പ്രസാദ ഊട്ട് ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി

''ദീർഘായുസല്ല മമ്മൂക്കാ, തികഞ്ഞ ആരോഗ്യത്തോടെയുള്ള ദീർഘായുസാണ് ഓരോ മലയാളിയും അങ്ങേയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നത്''
mammootty inaugurated ernakulathappan temple prasada oottu

എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ പ്രസാദ ഊട്ട് ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി

Updated on

കൊച്ചി: എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ പ്രസാദ ഊട്ട് ഉദ്ഘാടനം ചെയ്ത് നടൻ മമ്മൂട്ടി. ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിലാണ് മമ്മൂട്ടി എത്തിയത്. പത്മപുരസ്കാരത്തിനു ശേഷം മമ്മൂട്ടി പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടിയാണിത്. പൊന്നാട അണിയിച്ചാണ് മമ്മൂട്ടിയെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ചത്.

പരിപാടിക്ക് പിന്നാലെ കേരള ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് സമൂഹ മാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചു. ഈ ദൃശ്യങ്ങൾ കണ്ട് തന്‍റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയെന്ന് പ്രശാന്ത് കുറിച്ചു. മമ്മൂക്ക എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ കൊളുത്തിയത് മനുഷ്യന്‍റെ മനസ്സുകൾ മാറാനുള്ള പ്രാർഥനയുടെ അഗ്നിയാണെന്നും അദ്ദേഹം കുറിച്ചു.

ഫെയ്സ് കുറിപ്പ് ഇങ്ങനെ...

കണ്ണുകൾ നിറഞ്ഞു തുളുമ്പി എന്നു പറഞ്ഞാൽ അതിൽ കള്ളം ഇത്തിരി പോലുമില്ല എന്നറിയുക.

അക്ഷരാർത്ഥത്തിൽ നിറഞ്ഞു തുളുമ്പുകയാണ്.

വർഗ്ഗീയവാദികൾ സമൂഹമാധ്യമങ്ങളിലും പിന്നെ അവർക്ക് അവസരം കിട്ടുന്നിടങ്ങളിലുമെല്ലാം പരസ്പരം കൊലവിളി നടത്തുമ്പോൾ ഇവിടെ ഇതാ ഒരു മനുഷ്യൻ, ഒരു മഹാത്മാവ് മതാന്ധതയ്ക്കപ്പുറം 'സാമുദായിക സൗഹാർദത്തിന്‍റെ'( അത് അദ്ദേഹത്തിന്‍റെ വാക്കുകൾ തന്നെയാണ് !) വർണ്ണരേണുക്കൾ

മനസ്സുകളിലും ആത്മാവുകളിലും വാരി വിതറി ഭക്തിയുടെ തിരി കൊളുത്തുന്നു.

ഈശ്വരന്‍റെ മിഴിവാർന്ന ചിത്രത്തിനു മുന്നിലെ ഇലയിൽ അന്നം വിളമ്പി അന്നദാനത്തിന്‍റെ തുടക്കം കുറിക്കുന്നു.

ഈശ്വരന് എന്തു മതം !

ഒരു ഭക്ത സമൂഹം മുഴുവൻ തികഞ്ഞ ആദരവോടെ, അതിലുപരി നിറഞ്ഞ സ്നേഹത്തോടെ, ആരാധനയോടെ ആ മനുഷ്യനെ സ്വീകരിച്ചാനയിക്കുന്നു,

നിങ്ങൾ ഞങ്ങളുടെ വല്യേട്ടനാണ് എന്ന സത്യഭാവത്തിൽ നിർവൃതിയോടെ നോക്കി നിൽക്കുന്നു.

ഒരു തിരക്കും കാണിക്കാതെ ആ മനുഷ്യൻ

ഒരു ഭക്തസമൂഹത്തിന്‍റെ എല്ലാ ആവശ്യങ്ങൾക്കും നിറഞ്ഞ ചിരിയോടെ നിന്നുകൊടുക്കുന്നു.

പത്മഭൂഷൺ മമ്മൂട്ടി എന്ന മമ്മൂക്ക എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ കൊളുത്തിയത് അദ്ദേഹം പറഞ്ഞതുപോലെ 'മനുഷ്യന്‍റെ മനസ്സുകൾ മാറാനുള്ള' പ്രാർത്ഥനയുടെ അഗ്നിയാണ് !

എനിക്ക് ഏറെ പ്രിയപ്പെട്ടവർ അവരുടെ ജീവിതം തന്നെ ഉഴിഞ്ഞുവച്ച് നടത്തുന്ന അർബുദ രോഗികളായ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ഒരു പുണ്യസ്ഥാപനത്തിന് സ്വന്തമായി ഒരു കെട്ടിടം വേണം.

വാടക വീടുകൾ മാറുന്നതിലെ ബുദ്ധിമുട്ട് അത്തരം ഒരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം താങ്ങാൻ കഴിയുന്നതല്ല.

പറ്റിയ ഒരിടം അവർ കണ്ടെത്തുന്നു.

പക്ഷേ കോടികൾ വേണം.

അവർ സമൂഹമാധ്യമങ്ങളിലൂടെ ക്യാമ്പയിൻ ആരംഭിച്ചു.

സമൂഹത്തിലെ പ്രശസ്തരായ പലർക്കും അനുഗ്രഹങ്ങൾ തേടി ( സാമ്പത്തിക സഹായം തേടിയല്ല) ചില മെസ്സേജുകൾ അയച്ചു.

ഇമോജികളിലൂടെ പ്രതികരിച്ചവർ,

ഒന്നും പ്രതികരിക്കാത്തവർ അങ്ങനെ പലരും.

ഒരു ദിവസം ഈ മനുഷ്യൻ അവരെ വിളിക്കുകയാണ്.

" നിങ്ങൾക്ക് എത്ര ശേഖരിക്കാൻ പറ്റും? "

അവർ അവരുടെ പരിമിതികൾക്കും സങ്കല്പങ്ങൾക്കും ഉള്ളിലെ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു.

അപ്പോളാ മനുഷ്യൻ പറയുകയാണ്.

"ബാക്കി ഞാൻ ശരിയാക്കാം .......

നിങ്ങൾ ധൈര്യമായി പൊയ്ക്കോളൂ"

അതാണ് ഈ മനുഷ്യൻ.

മലയാളിയുടെ സ്നേഹ സൗഭാഗ്യം.💘

ദീർഘായുസല്ല മമ്മൂക്കാ , തികഞ്ഞ ആരോഗ്യത്തോടെയുള്ള ദീർഘായുസാണ്

ഓരോ മലയാളിയും അങ്ങേയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com